സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക്; തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ
text_fieldsതിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകൾ നാളെ സംസ്ഥാനത്ത് പഠിപ്പുമുടക്കും. അതേസമയം ബി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിക്കുന്നതിനിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.
സമരത്തെ തകർക്കാൻ എസ്.എഫ്.ഐ ശ്രമിച്ചതായും ലക്ഷ്മി നായർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും ബി.ജെ.പി നേതാവ് വി. മുരളീധരൻ വ്യക്തമാക്കി. സമരത്തെ ഒറ്റുകൊടുത്ത എസ്.എഫ്.ഐ നിലപാട് വിദ്യാർഥി വഞ്ചനയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത് ഏതു പശ്ചാത്തലത്തിൽ ആണെന്ന് അറിയില്ലെന്നും സംയുക്ത സമര സമിതിയുടെ സമരം തുടരുമെന്നും എ.ഐ.എസ്.എഫ് അറിയിച്ചു.
