തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണി സന്ദീപ് നായരുടെ വർക്ഷോപ്പിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. തിരുവനന്തപുരം നെടുമങ്ങാട് പത്താംകല്ലിലെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിലേക്കാണ് മാർച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന പാത ഉപരോധിച്ച പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്വർണക്കടത്ത് പ്രതികളായ വര്‍ക്ക് ഷോപ്പ് ഉടമ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരോടൊപ്പം സ്പീക്കർ ശ്രീരാമകൃഷ്ണനും ഈ വർക്ഷോപ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
അതിനിടെ, സന്ദീപ് നായരുടെ പാർട്ടി ഏതെന്ന കാര്യത്തിൽ പാർട്ടികൾ തമ്മിൽ വാഗ്വാദം തുടരുകയാണ്. ഇയാൾ സി.പി.എമ്മുകാരനാണെന്ന് ബി.ജെ.പിയും ബി.ജെ.പിക്കാരനാണെന്ന് സി.പിഎമ്മും ആരോപിക്കുന്നു. മകൻ സി.പി.എം ബ്രാഞ്ച് അംഗമാണെന്നാണ് സന്ദീപ് നായരുടെ അമ്മ മാധ്യമങ്ങേളാട് പറഞ്ഞത്. എന്നാൽ, ഇത് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിഷേധിച്ചു. കുമ്മനം രാജശേഖരൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പം സന്ദീപ് നിൽക്കുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.