സ്വപ്നക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണവും
text_fieldsതിരുവനന്തപുരം: ആദായനികുതി അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പിെൻറ അന്വേഷണം തുടങ്ങി. ബാങ്ക് ലോക്കര്‍ പരിശോധനയില്‍ സ്വര്‍ണവും പണവുമുടക്കം രണ്ടുകോടിയോളം രൂപ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സ്വപ്ന സമ്പാദിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
ബാങ്ക് ലോക്കറില്‍ ഒരുകോടി അഞ്ചുലക്ഷം രൂപയും സഹകരണ ബാങ്കില്‍ 57 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്രയും ആസ്തിയുണ്ടായിരുന്നിട്ടും സ്വപ്ന ഇന്‍കംടാക്സ് റിട്ടേണ്‍ ഫയൽ ചെയ്തിരുന്നില്ല. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിചെയ്തത് മുതല്‍ സ്വപ്ന വന്‍തുകയാണ് ശമ്പളമായി വാങ്ങിയിരുന്നത്. അതിനു പുറമെ കള്ളക്കടത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്തു. കസ്റ്റംസും സ്വപ്നയുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. സര്‍ക്കാറിനു കീഴിലെ ഐ.ടി വകുപ്പ് ജീവനക്കാരിയായി പ്രവര്‍ത്തിച്ച കാലത്ത് സ്വപ്നക്ക് ഒരുലക്ഷം രൂപക്ക് മുകളില്‍ ശമ്പളം ഉണ്ടായിരുന്നു. അപ്പോഴും ആദായനികുതി അടച്ചിരുന്നില്ല. ഇതു ഗുരുതര കുറ്റകൃത്യമാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
സ്വപ്നയും സന്ദീപും നിലവില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി ചോദ്യംചെയ്തു വരുകയാണ്. പ്രതികള്‍ എങ്ങനെയാണ് ഇത്രയധികം സ്വത്തുക്കള്‍ സമ്പാദിച്ചതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്ന പലയിടത്തായി ബിനാമി ഇടപാടില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതിയുമായി എന്‍. െഎ.എയുടെ തെളിവെടുപ്പ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം പിടിയിലായ മുഹമ്മദലി ഇബ്രാഹിമുമായി എന്‍.ഐ.എ തെളിവെടുപ്പ് നടത്തി. തമ്പാനൂരിലെയും കോവളത്തെയും ഹോട്ടലുകളിലാണ് തെളിവെടുപ്പ് നടത്തിയത്. സ്വര്‍ണം വാങ്ങാനെത്തിയ പ്രതികള്‍ ഈ ഹോട്ടലുകളില്‍ താമസിച്ചിരുന്നു. ഹോട്ടലുകളുടെ കാര്പോര്ച്ചില്െവച്ചാണ് സ്വര്‍ണം കൈമാറിയത്. കഴിഞ്ഞദിവസം ഈ കേസിൽ അറസ്റ്റിലായ നാല് പ്രതികളുമായി എൻ.ഐ.എ സംഘം തലസ്ഥാനത്ത് ആറിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അതിനുപുറമെ ഈ ഹോട്ടലുകളിലെ ജീവനക്കാരെ കൊണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. തലസ്ഥാനനഗരിയിലും സമീപത്തുമുള്ള പത്തിലധികം ഇടങ്ങളിൽെവച്ച് പല ഘട്ടങ്ങളിലായി സ്വർണകൈമാറ്റം നടന്നതായാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുള്ളത്.
കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. എട്ടുപ്രതികളുടെ വസ്തുവകകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐ.ജിക്ക് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കത്തുനല്‍കി. സ്വത്തുക്കളുടെ കൈമാറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികളായ റമീസ്, സരിത്ത്, സ്വപ്ന, ജലാല്‍, മുഹമ്മദ് അന്‍വര്‍, അംജദ് അലി, മുഹമ്മദ് ഷാഫി, സെയ്ദലവി എന്നിവരുടെ സ്വത്തുവിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഇവരിൽ പലർക്കും അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.