തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ റിമാൻഡിലായിരുന്ന പ്രതി കെ.ടി റമീസിനെ ഏഴ് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. എൻ.ഐ.എ നൽകിയ അപേക്ഷയിലാണ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. കസ്റ്റംസിന്‍റെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തിരുന്നു.
റമീസിന് ശിവശങ്കറുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് പ്രധാനമായും എൻ.ഐ.എ പരിശോധിക്കുക. ചോദ്യം ചെയ്യലിൽ ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ഇതിനായി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. നയതന്ത്ര പരിരക്ഷയിൽ സ്വർണം കടത്തിയതിൽ റമീസിന് മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുൻപും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.