കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കേസിലെ ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ പി.എസ്.സരിത്തിനെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റംസിെൻറ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് കഴിഞ്ഞദിവസം പ്രതിയുടെ അറസ്റ്റ് എൻ.ഐ.എ രേഖപ്പെടുത്തിയത്. ഇതിനുശേഷം നടത്തിയ രണ്ട് കോവിഡ് പരിശോധന ഫലവും നെഗറ്റിവായതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങിയത്. സ്വർണക്കടത്തിന് പിന്നിലെ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസിലെ പ്രധാന പ്രതിയായ സരിത്തിനെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ അപേക്ഷ നൽകിയത്.
കുറ്റകൃത്യത്തിന് പിന്നിലെ വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പണമിടപാടിലും സ്വർണക്കടത്തിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദം കൂടി കേട്ടശേഷമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. നിലവിൽ എൻ.ഐ.എയുടെ കസ്റ്റിയിലുള്ള സന്ദീപ് നായർക്കും സ്വപ്ന സുരേഷിനുമൊപ്പം സരിത്തിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വർണക്കടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.
അതിനിടെ, കസ്റ്റംസ് അന്വേഷണം തുടങ്ങിയതോടെ സ്വപ്നയും സന്ദീപ് നായരും അടക്കമുള്ളവർ സംസ്ഥാനം വിടാൻ ഉപയോഗിച്ച കാർ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത അന്ന് തന്നെ ബംഗളൂരുവിൽനിന്ന് കാർ കസ്റ്റഡിയിലെടുത്തെങ്കിലും വെള്ളിയാഴ്ചയാണ് ഇത് കോടതിയിൽ ഹാജരാക്കിയത്.