കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിൽനിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തതായി എൻ.ഐ.എ. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് എൻ.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.
കസ്റ്റഡിയിലെ ചോദ്യം ചെയ്യലിെൻറ തുടക്കത്തിൽതന്നെ കുറ്റകൃത്യവുമായി ബന്ധമുള്ള രേഖകൾ അടക്കം പണവും ആഭരണങ്ങളും ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോക്കടുത്ത് സ്വർണവും കണ്ടെടുത്തത്.
ഫെഡറൽ ബാങ്ക് തിരുവനന്തപുരം സ്റ്റാച്യു ശാഖയിലെ ലോക്കറിൽനിന്ന് 36.5 ലക്ഷവും എസ്.ബി.ഐ സിറ്റി ശാഖയിലെ അക്കൗണ്ടിൽനിന്ന് 64 ലക്ഷവും 982 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. സ്വർണവും പണവും രേഖകളും എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ ഹാജരാക്കി. കൂടുതൽ പണമിടപാട് സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്.
മറ്റ് പ്രതികൾക്ക് കേസിലുള്ള പങ്കാളിത്തവും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻ.ഐ.എ പറഞ്ഞു. ലോക്ഡൗൺ കാലഘട്ടത്തിൽ കൂടുതൽ സ്വർണം കടത്താൻ നിർബന്ധിച്ച കെ.ടി. റമീസാണ് കേസിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണത്തിൽനിന്ന് വ്യക്തമായതായി എൻ.ഐ.എ അറിയിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. ഇത് അന്വേഷണപരിധിയിലാണ്. പ്രതികളെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനക്കുശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ ബോധിപ്പിച്ചു.
തുടർന്ന് ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. മാനസിക പീഡനം നേരിട്ടതായി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന സുരേഷ് ബോധിപ്പിച്ചു. ഇവർ നൽകിയ ജാമ്യാപേക്ഷ കൂടുതൽ വാദത്തിന് പ്രത്യേക എൻ.ഐ.എ കോടതി ബുധനാഴ്ച പരിഗണിക്കും.