കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിയിൽ നിന്നാണ് കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുക. അറ്റാഷെക്ക് നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ കേന്ദ്രത്തിന്‍റെ അനുമതിക്കായി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്‍റീവ് കമീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയിരിക്കുന്നത്. കേന്ദ്ര പരോക്ഷ നികുതി ബോർഡ് ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.
അറ്റാഷയുടെ പേരിലാണ് സ്വർണം ഉൾപ്പെട്ട ബാഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം. എന്നാൽ അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാൻ എത്തിയത്. ഈ കത്ത് വ്യാജമാണോ എന്നും അന്വേഷിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അറ്റാഷെയുടെ മൊഴി എടുക്കുന്നത്.
കോൺസുലേറ്റിലെത്തുന്ന പാഴ്‌സലിന് പണം അടക്കേണ്ടത് കോൺസുലേറ്റ് തന്നെയാണ്. എന്നാൽ ഈ ചട്ടം മറികടന്ന് ചില പാർസലിന്‍റെ പണമടയ്ക്കുന്നത് സരിത്താണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ സംഘം സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
പിടിയിലാകും മുമ്പ് സരിത് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്താണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഫോണിലെ നഷ്ടപ്പെട്ട വിവരങ്ങൾ കണ്ടെടുക്കാനാണ് കസ്റ്റംസ് ശ്രമം.