കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് സ്വർണം കടത്തിയ കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരണം. ഒന്നാം പ്രതി സരിത്തിെന ചോദ്യംചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രധാന കണ്ണികളായ അഞ്ചുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ആർക്കൊക്കെയാണ് സ്വർണം കൈമാറിയിരുന്നത് എന്നത് സംബന്ധിച്ച് സരിത് നൽകിയ മൊഴിയാണ് കൂടുതൽ കണ്ണികളിലേക്ക് എത്തിച്ചത്. ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരെക്കുറിച്ചും ഇയാളിൽനിന്ന് വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രതികളിലേക്ക് എത്താൻ ഇവരെ കേന്ദ്രീകരിച്ച് രഹസ്യനിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെയും നിരീക്ഷണത്തിലുള്ള മറ്റുള്ളവരെയും ഉടൻ വിളിച്ചുവരുത്തി ചോദ്യംചെയ്യും. കൂടുതൽ ആളുകളുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന കസ്റ്റംസ് അധികൃതർ പറഞ്ഞു. സ്വർണക്കടത്തിനു പിന്നിലെ ലക്ഷ്യങ്ങളും ഓരോരുത്തരുടെയും പങ്കാളിത്തവും വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇടപാടിൽ തനിക്ക് 24 ശതമാനം കമീഷൻ ലഭിക്കുന്നുണ്ടെന്നും അതിനപ്പുറം ഒന്നുമറിയില്ലെന്നുമാണ് സരിത്തിെൻറ മൊഴി.
എത്തുന്ന സ്വർണം സ്വീകരിച്ച് അടുത്തയാളുകൾക്ക് കൈമാറുകയാണ് താൻ ചെയ്യുന്നത്. അതിനുേശഷവും മുമ്പും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ഇത് കയറ്റി അയക്കുന്ന ആളുകളെക്കുറിച്ചോ എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ചോ വിവരമില്ലെന്നുമാണ് ഇയാളുടെ മൊഴി. എന്നാൽ, അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. സരിത്തിന് പൂർണ വിവരം അറിയാമെന്നും ഇടപാടുകളിൽ മുഖ്യപങ്ക് ഇയാളുടേതാണെന്നുമുള്ള നിഗമനത്തിലാണ് കസ്റ്റംസ്. പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മൂന്നാം പ്രതി ഫാസിൽ ഫരീദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. യു.എ.ഇയിലെ ഇയാളുടെ ട്രേഡിങ് ഏജൻസി കള്ളക്കടത്തിനുള്ള മറയായിരിക്കാമെന്ന സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
Latest Video: