തിരുവനന്തപുരം: ജില്ലയിൽ നിലവിലെ ക്ലസ്റ്ററുകളിൽ നിന്ന് കൂടുതൽ മേഖലകളിലേക്ക് കോവിഡ് വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ഭീമാപ്പള്ളി എന്നീ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരം ജില്ലയിൽ ഉള്ളത്. ഇവിടെ രോഗശമനത്തിന്‍റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ട്. ജില്ലയിൽ 17 എഫ്.എൽ.ടി.സികളിലായി 2103 കിടക്കകൾ സജ്ജമായിട്ടുണ്ട്. 18 എഫ്.എൽ.ടി.സികൾ ഉടൻ സജ്ജമാക്കും.
പുല്ലുവിളയിൽ 10 ദിവസത്തിനിടെ 671 പരിശോധന നടത്തിയതിൽ 288 എണ്ണവും പോസിറ്റീവ് ആണ്. 42.92 ശതമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.