‘പോടാ പുല്ലേ’ എന്ന് ബി.ജെ.പി നേതൃത്വത്തോട് പറഞ്ഞ് ഇറങ്ങി ഓടാൻ എനിക്കാവില്ല, കാരണം ജനങ്ങളോട് ഉത്തരവാദിത്തമുണ്ട് -ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: അവസാന നിമിഷം വരെ മേയറാക്കും എന്ന് പറഞ്ഞ് ഒടുവിൽ വാക്കുമാറ്റിയ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. തനിക്ക് പകരം വി.വി. രാജേഷിനെ മേയറാക്കിയ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ‘പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ തനിക്ക് കഴിയില്ലെന്നും തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ പറഞ്ഞു.
‘കേന്ദ്ര നേതൃത്വം ഇത് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എനിക്ക് ഇറങ്ങി ഓടാൻ എനിക്ക് കഴിയില്ല. കാരണം, എന്നെ ജയിപ്പിച്ച ജനങ്ങൾ ഇവിടെയുണ്ട്. കൗൺസിലർ സ്ഥാനം എനിക്ക് കിട്ടിയത് കൊണ്ടും അവരോടുള്ള ആത്മാർഥത ഉള്ളതുകൊണ്ട് അഞ്ച് വർഷം കൗൺസിലറായി തുടരാം എന്ന് തീരുമാനിച്ചുകൊണ്ട് മുന്നോട്ടുപോകും. കോർപറേഷന് നല്ലത് ഇതുപോലൊരു മേയറും ഡെപ്യൂട്ടി മേയറും ആണെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിക്കാണും.. നടക്കട്ടെ...’ -ശ്രീലേഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എന്നെ ഈ ഇലക്ഷനിൽ നിർത്തിയത് തന്നെ ഒരു കൗൺസിലറായി മത്സരിക്കാനല്ല. മേയറാകും എന്ന് വാഗ്ദാനത്തിന് പുറത്താണ്. മത്സരിക്കാൻ ഞാൻ വിസമ്മതിച്ചതായിരുന്നു. പക്ഷേ, ഞാനായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ മുഖം എന്നും എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആളായിരിക്കും എന്നും പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു. നേരത്തെ പറഞ്ഞിരുന്നത് 10 പേരെ വിജയിപ്പിച്ചാൽ മതി എന്നായിരുന്നു. അവസാനം ഞാൻ കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അനുസരിച്ച് നിന്നു. ലാസ്റ്റ് മിനുട്ട് വരെ മേയറാകും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ, എന്തോ കാരണത്താൽ അവസാന നിമിഷം മാറി. രാജേഷിന് കുറച്ചുകൂടി നന്നായി ഭരിക്കാൻ കഴിയുമെന്നും ആശാനാഥിന് കുറച്ചുകൂടി നല്ല ഡെപ്യൂട്ടി മേയറാകാൻ കഴിയും എന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയത് കൊണ്ടാണ് അവരെ തെരഞ്ഞെടുത്തതെന്ന് എനിക്ക് തോന്നുന്നു. ഇത് ഞാൻ അംഗീകരിക്കുന്നു’ -ശ്രീലേഖ പറഞ്ഞു.
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് അവർ വേദി വിട്ട് പോയതും ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

