തലസ്ഥാനത്തെ സംഘർഷം: അവധി റദ്ദാക്കി എസ്.എച്ച്.ഒ എത്തി; എസ്.ഐ ത്രിദിന പരിശീലനത്തിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷവുമായി ബന്ധപ്പെട്ട് അവധി നൽകിയത് വിവാദമായതോടെ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷ്കുമാർ തിരികെ ജോലിയിൽ കയറി. തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തെ അവധിയാണ് നൽകിയിരുന്നത്. എസ്.എച്ച്.ഒ മുങ്ങിയെന്ന തരത്തിൽ എസ്.എഫ്.ഐ പ്രചാരണം തുടങ്ങിയതോടെ ഭരണാനുകൂല സംഘടനകൾ ഇടപെട്ട് എസ്.എച്ച്.ഒയെ തിരിച്ചുവിളിപ്പിക്കുകയായിരുന്നു.
അവധി റദ്ദാക്കി വൈകീട്ടോടെ സ്റ്റേഷനിലെത്തി. എസ്.ഐ ഗോകുൽ ഗോപനെ മൂന്നുദിവസത്തെ പരിശീലനത്തിന് വിട്ടു. രണ്ടും സേനയിലെ ഭരണാനുകൂല വിഭാഗത്തിനിടയിൽ അതൃപ്തി ഉയർത്തിരുന്നു. ഹോസ്റ്റലിലെ മർദനവുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്നാണ് സൂചന. സാമൂഹികമാധ്യമങ്ങളിലെ എസ്.എഫ്.ഐ - പൊലീസ് പോര് അതിരുവിട്ടതോടെ സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണ എസ്.എച്ച്.ഒയെയും എസ്.ഐയെയും ഓഫിസിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. പ്രകോപനം വേണ്ടെന്ന് സർവിസ് ചട്ടങ്ങൾ ഓർമിപ്പിച്ച് ഇരുവർക്കും മുന്നറിയിപ്പ് നൽകി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളിയും പോരാട്ടവും അവസാനിപ്പിക്കാനും നിർദേശം നൽകി. തൊട്ടു പിന്നാലെ, തീയിൽ കുരുത്തതാണെന്ന ഫേസ്ബുക്ക് പോസ്റ്റ് എസ്.എച്ച്.ഒ പിൻവലിച്ചു.
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്.എഫ്.ഐ - പൊലീസ് പോര് ആരംഭിച്ചത്. കന്റോൺമെന്റ് പൊലീസ് യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ തല്ലിച്ചതച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്. എസ്.ഐ ഒരു വിദ്യാർഥിയെ പല തവണ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും എസ്.എച്ച്.ഒയുടെയും എസ്.ഐയുടെയും വീടുകളിലേക്ക് മാർച്ച് നടത്തി. ഇതിനിടെ ‘പേടിച്ചുപോയെന്നു പറഞ്ഞേക്ക്’ എന്ന് എസ്.ഐ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും എസ്.എഫ്.ഐ ജില്ല സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും നന്ദന്റെ വീട്ടിൽ പരിശോധന നടത്തിയതും വീണ്ടും പ്രകോപനമായി.
‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുക്കും’ എന്ന എസ്.ഐയുടെ സംഭാഷണത്തിന്റെ ശബ്ദരേഖ എസ്.എഫ്.ഐ പുറത്തുവിട്ടിരുന്നു. പരസ്പരം വാഗ്വാദം തുടരുന്നതിനിടെയാണ് സിറ്റി പൊലീസ് കമീഷണർ ഇടപെട്ട് എസ്.എച്ച്.ഒയെയും എസ്.ഐയെയും താക്കീത് ചെയ്തത്. കന്റോൺമെന്റ് എസ്.എച്ച്.ഒക്കും എസ്.ഐക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നേതാക്കൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. നടപടി വരുന്നതുവരെ ഇരുവർക്കുമെതിരെ പ്രതിഷേധം തുടരാനാണ് എസ്.എഫ്.ഐ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

