‘തൃശൂരിന്റെ യേശുദാസ്’ ആൾക്കൂട്ടത്തിൽ തനിച്ചാണ്
text_fieldsതൃശൂർ: ‘ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ...’ ഇൗ പാട്ടിെൻറ ശബ്ദമാകാൻ യോഗമൊത്തിരുന്നെങ്കിൽ തൃശൂർ മണിയുടെ ജീവിതത്തിൽ സർഗവസന്തം നിറഞ്ഞേനെ. ‘തൃശൂരിെൻറ യേശുദാസെ’ന്ന് ആരാധകർ വിളിച്ചിരുന്ന മണിക്ക് നഷ്ടവസന്തങ്ങളോർത്ത് തെല്ലും പരിഭവമില്ല. അതെല്ലാം പറ്റി, അതിലൊന്നും ഒന്നുമില്ലെന്ന് തനി തൃശൂർ ഭാഷയിൽ പറയുമ്പോഴും അദ്ദേഹത്തിൽ കാണാനില്ല നഷ്ടബോധത്തിെൻറ ചെറുലാഞ്ഛനപോലും. അതെ, ചിലരങ്ങനെയാണ്.
തലച്ചോറിൽ നട്ടെല്ല് മുളച്ച ഇവർക്ക് ജീവിതം വഴങ്ങിക്കൊടുക്കാനുള്ളതല്ല. പാദസ്വരം സിനിമയിൽ ‘ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ...’ എന്ന നിത്യഹരിതഗാനം പാടാൻ ആദ്യം അവസരം കിട്ടിയത് തൃശൂർ മണിക്കാണ്. പക്ഷേ, ദേവരാജൻ ചിട്ടപ്പെടുത്തിയ ഗാനം പാടാൻ യോഗമൊത്തത് യേശുദാസിന്. അവസരങ്ങൾ മുതലാക്കുന്നതിൽ മിടുക്കുകാണിക്കുന്ന പുത്തൻകാലത്തിന് മണിയൊരു അപവാദമാണ്. അടുപ്പങ്ങളെല്ലാം അവസരമാക്കി മാറ്റാൻമാത്രം പരിഷ്കരിക്കപ്പെട്ടിട്ടില്ല ഈ പച്ച മനുഷ്യൻ. ആരാധകർ ചുറ്റും നിറഞ്ഞ ഭൂതകാലമൊന്നും തൃശൂർ മണിയെ ഇന്ന് പിന്തുടരുന്നില്ല.
58ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ ലളിതഗാനവേദിയിലും മണിയേട്ടനെ കണ്ടു. ആൾക്കൂട്ടത്തിൽനിന്ന് മാറി ഒരു ഉച്ചഭാഷിണിയുടെ ചുവട്ടിൽ താളംപിടിച്ച് നിൽക്കുന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ പല കാര്യങ്ങൾ പുറത്തുവന്നു. ഒരുകാലത്ത് കേരളത്തിലെ ഗാനമേളവേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോയമ്പത്തൂരിലും ചെന്നൈയിലും പ്രഫഷനൽ ട്രൂപ്പിൽ അംഗമായി. ആദ്യമായി പൊതുവേദിയിൽ പാടുന്നത് 19ാം വയസ്സിൽ.
1967ൽ റീജനൽ തിയറ്ററിൽ നടന്ന ടാഗോർ ആർട്സിെൻറ വാർഷികത്തിന് വെളുത്ത കത്രീനയിലെ ‘കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പുമരം തളിരണിയുമ്പോൾ’ എന്ന ഗാനമാണ് ആദ്യമായി വേദിയിൽ ആലപിച്ചത്. വോയ്സ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്സ്, കോയമ്പത്തൂർ എലൈറ്റ് ഓർക്കസ്ട്ര എന്നിവിടങ്ങളിൽ പാടി തുടങ്ങിയ തൃശൂർ മണി ‘വെറുതെ നുണപറയരുത്’, ‘ഓർമക്കുറിപ്പ് ’എന്നീ ചലച്ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
