തീരപ്രദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം
text_fieldsതിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ ഒന്നുമുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം എഫ്.എച്ച്. മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഫ്.എച്ച്. മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) പ്രത്യേക ജാഗ്രത ആവശ്യമാണ്.
തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നില്ല
മൂലമറ്റം: പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നില്ല. വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളിൽ നിലവിൽ ശരാശരി 62 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 77.2 ശതമാനമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണശേഷിയുടെ 61 ശതമാനം ജലമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം 74 ശതമാനമുണ്ടായിരുന്നു.
പമ്പ 64, ഷോളയാർ 86, ഇടമലയാർ 69, കുണ്ടള 61, മാട്ടുപ്പെട്ടി 25, കുറ്റ്യാടി 50, തരിയോട് 78, ആനയിറങ്കൽ 37, പൊന്മുടി 36, നേരിയമംഗലം 59, ലോവർ പെരിയാർ 68, പൊരിങ്ങൽ 37 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്. ഈ വെള്ളമുപയോഗിച്ച് ഏകദേശം 2,557.70 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക. മഴക്കുറവ് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ജൂൺ ഒന്നുമുതൽ വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

