കാസർകോട്ട് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട് വിവാഹിതയായ 21കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി
text_fieldsകാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹിതയായ 21കാരിയെ വാട്സ്ആപ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. കല്ലൂരാവി സ്വദേശിനി ഇതുസംബന്ധിച്ച് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. ഭർത്താവ് നെല്ലിക്കട്ട ചുള്ളിക്കാനയിലെ സി.എച്ച്. അബ്ദുൽ റസാഖിനെതിരെയാണ് (32) പരാതി. ഭർതൃ മാതാവ് നഫീസ (68), ഭർതൃ സഹോദരിമാരായ റുഖിയ (37), ഫൗസിയ (25) എന്നിവർ ചേർന്ന് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്.
ദുബൈയിൽനിന്ന് യുവതിയുടെ പിതാവിന്റെ മൊബൈൽ നമ്പറിലേക്കാണ് മുത്തലാഖ് അയച്ചതെന്നാണ് പരാതി. 2022 ആഗസ്റ്റ് 11 നായിരുന്നു വിവാഹം. 2025 ഫെബ്രുവരി 21നായിരുന്നു ഫോണിലൂടെ തലാഖ് ചൊല്ലിയത്. സ്ത്രീധനമായി നൽകിയ സ്വർണാഭരണങ്ങൾ കുറഞ്ഞുപോയതിന് ഭർതൃവീട്ടിലും ദുബൈയിൽ വെച്ചും പീഡനത്തിനിരയാക്കി.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടശേഷം യുവാവും കുടുംബവും വിവാഹാലോചനയുമായി കല്ലൂരാവിയിലെ വീട്ടിലെത്തുകയായിരുന്നു. 20 പവൻ നൽകിയെങ്കിലും 50 പവൻ ആവശ്യപ്പെട്ടായിരുന്നു പീഡനം. നിരന്തരം മുറിയിൽ പൂട്ടിയിടുകയും വീടിന് പുറത്തുനിർത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ബോധരഹിതയായി വീഴുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ പീഡനങ്ങൾ നടക്കുന്നതിൽ സഹികെട്ട് പരാതി പറഞ്ഞപ്പോൾ അവിടെ നിൽക്കേണ്ടെന്നും ദുബൈയിലേക്ക് വരാൻ വഴിയുണ്ടാക്കാമെന്നും ഭർത്താവ് പറഞ്ഞു.
ഇതിനുള്ള പണത്തിനാണെന്ന് പറഞ്ഞ് വിവാഹ സമയത്തുണ്ടായിരുന്നു 20 പവനും മഹറായി നൽകിയ 2 പവനും ഉൾപ്പെടെ 22 പവൻ വിൽപ്പിച്ചതിനുശേഷം ഭർത്താവിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചെന്നും ഇതിനുശേഷമാണ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതെന്നും പരാതിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

