'രാവിലെ സുബ്ഹി നമസ്കാരം കഴിഞ്ഞ ഉടനെ എനിക്കൊരു ഉൾവിളി വന്നു, അങ്ങോട്ട് പോടാ, അങ്ങനെ എണീറ്റ് വന്നതാണ്, അട്ടിമറി ഭയന്നിരുന്നു'; ജനങ്ങളുടെ സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടാകുമെന്ന് പി.വി അൻവർ
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നൽകിയ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ. തൃണമൂലിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നമാണ് പത്രിക തള്ളാനുള്ള കാരണമെന്നും നിലമ്പൂരിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ടാകുമെന്നും അൻവർ പറഞ്ഞു.
'പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ആ പാർട്ടി മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കണമെങ്കിൽ ആ രജിസ്ട്രേഷൻ അതാത് സംസ്ഥാനങ്ങളിൽ എൻഡോഴ്സ് ചെയ്യണമെന്നാണ് നിയമം. പക്ഷേ, ത്രിപുരയിലും അസമിലും പാർട്ടിയുടെ കത്തിന്റെ പുറത്ത് അനുവദിച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഇങ്ങനൊരു ശ്രമം നടത്തിയത്.'- അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടാകുമെന്ന് അൻവർ പറഞ്ഞു.
സൂക്ഷ്മ പരിശോധനക്ക് രാവിലെ തന്നെ അൻവർ സബ്കലക്ടർ ഓഫീസിൽ എത്തിയിരുന്നു. മുൻപ് ആറു തവണ മത്സരിച്ചപ്പോഴും സൂക്ഷ്മ പരിശോധനക്കായി എത്താതിരുന്ന അൻവർ 'അട്ടിമറി ഭയന്നാണ് നേരിട്ടെത്തിയത്' എന്ന് മാധ്യമങ്ങളോട് പറഞ്ഞു.
'സത്യത്തിൽ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. ഇവരെല്ലാവരും ഒന്നാണല്ലോ, എല്ലാ ഭരണ സംവിധാനങ്ങൾ അവരുടെ കൈയിലാണ്. മുൻപൊക്കെ അനീതി കണ്ടാൽ എതിർക്കാൻ ഒരു പാർട്ടിയോ സംവിധാനമോ ഉണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോ ഒരു അട്ടിമറി നടക്കുമോ ആശങ്കയിലാണ് എത്തിയത്. സത്യത്തിൽ രാവിലെ സുബ്ഹി നമസ്കാരം കഴിഞ്ഞ ഉടനെ എനിക്ക് ഒരു ഉൾവിളി വരികയായിരുന്നു. പോടാ അങ്ങോട്ട് എന്ന് ആരോ പറയുന്നുണ്ടായിരുന്നു. അങ്ങനെ രാവിലെ ഏണീറ്റ് ഇങ്ങോട്ട് പോന്നതാണ്.'- അൻവർ പറഞ്ഞു.
രണ്ടു സെറ്റ് പത്രികയാണ് അൻവർ നൽകിയിരുന്നത്. ഇതിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്. കേരളത്തിൽ രജിട്രേഷൻ ഇല്ലാത്ത പാർട്ടിയായതിനാൽ മത്സരിക്കാനുള്ള അനുവാദം തേടിക്കൊണ്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മൂന്ന് ദിവസത്തിനകം കത്തുനൽകണമെന്നാണ് ചട്ടം. എന്നാൽ, മെയ് 26ന് വിജ്ഞാപനം വന്നെങ്കിലും തൃണമൂൽ കേന്ദ്ര നേതൃത്വം കത്തു നൽകിയത് മെയ് 31നാണ്. 29നുള്ളിൽ കത്തുനൽകിയിരുന്നെങ്കിൽ പരിഗണിക്കുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്വതന്ത്രനായി മറ്റൊരു പത്രിക നൽകിയതുകൊണ്ട് സ്വതന്ത്രനായി മത്സരിക്കാനാകും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചാരണത്തിന്റെ തുടക്കമിടാനായിട്ടാണ് അന്‍വര്‍ മുന്‍ ഡി.സി.സി അധ്യക്ഷനും 2021-ല്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തിയത്.
വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അന്‍വര്‍ വോട്ടഭ്യര്‍ഥിച്ചു. എന്നാല്‍ എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. 'വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ല' സ്മിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

