ആദിവാസി യുവാവിന് മർദനം: വൈല്‍ഡ് ലൈഫ് വാര്‍ഡനെ സ്ഥലം മാറ്റി
text_fieldsതൊടുപുഴ: ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദിച്ചെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെ സ്ഥലം മാറ്റി. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഉത്തരവുപ്രകാരം തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് മാറ്റിയത്.
ആരോപണ വിധേയനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനില്‍കുമാറിനെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം വിശദ അന്വേഷണം നടത്തി വരുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞമാസം 20നാണ് കാട്ടിറച്ചി വിറ്റു എന്നാരോപിച്ച് കണ്ണംപടി പുത്തൻപുരക്കൽ സരിൻ സജിയെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്.
സരിനെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, കേരള ഉള്ളാട മഹാസഭ തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു.

