കാടപ്പെണ്ണിന് രക്ഷയുടെ വാതിൽ തുറന്ന് ടീം വെൽഫയർ, ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ VIDEO
text_fieldsനിലമ്പൂർ (മലപ്പുറം): മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട പോത്തൻകല്ല് പഞ്ചായത്തിലെ തണ്ടൻകല്ല് ആദിവാസി ഊരിൽനിന്നു ം പക്ഷാഘാതം ബാധിച്ച ആദിവാസി വയോധികയെ രക്ഷിച്ചു. സന്നദ്ധ രക്ഷാസംഘങ്ങളായ ടീം വെൽഫെയറിലേയും ഐ.ആർ.ഡബ്ല്യുവിലെയും അംഗങ്ങളാണ് കാടപ്പെണ്ണ് എന്ന വയോധികയെ രക്ഷപ്പെടുത്തിയത്. ഇവരെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.
സംസാര ശേഷിയു ം അരക്ക്താഴെ ചലനശേഷിയും നഷ്ടപ്പെട്ട് ചികിത്സയിലായിരുന്നു കാടപ്പെണ്ണ്. രണ്ടാഴ്ചയായി മൂത്രത്തിൽ പഴുപ്പും രക്തവും ബാധിച്ചിരുന്നു. രണ്ടു ദിവസം മുൻപ് ഡോക്ടറും നഴ്സുമടങ്ങുന്ന സംഘം ഊരിലെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഉരുൾപൊട്ടലിൽ ഇവിടെ ഒൻപത് വീടുകൾ തകരുകയും പുഴ വഴിമാറി ഒഴുകിയതിനെ തുടർന്ന് പ്രദേശമാകെ മുങ്ങുകയും ചെയ്തിരുന്നു. ഊരിലെത്തുവാനുള്ള ഏക ആശ്രയമായ വനത്തിനു നടുവിലൂടെയുള്ള റോഡ് നാലു കിലോമീറ്ററോളം തകർന്നതിനാൽ താമസക്കാർക്ക് പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടിരുന്നു. പുഴയിലെ ഒഴുക്ക് മറികടന്ന് മല കയറി ഊരിലെ പുരുഷൻമാർ മുണ്ടേരി ട്രൈബൽ എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയെങ്കിലും കാടപ്പെണ്ണടക്കം സ്ത്രീകൾ പുറത്തു കടക്കാനാവാതെ വീടുകളിൽ ഒറ്റപ്പെട്ടിരുന്നു.
വാർഡ് മെംബർ ഷറഫുന്നിസയോടൊപ്പം രക്ഷാപ്രവർത്തകർ തലേദിവസം തന്നെ ഊരിലെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന പരിരക്ഷാ വകുപ്പിലെ സിസ്റ്റർ ജയശ്രീ കാടപ്പെണ്ണിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പുറത്തെത്തിക്കുവാൻ ശ്രമം ആരംഭിച്ചത്.
കാടപ്പെണ്ണിനോടൊപ്പം മരുമകളെയും പത്ത് വയസ്സിൽ താഴെ പ്രായമുള്ള നാല് പേരക്കുട്ടികളെയും സംഘം രക്ഷപ്പെടുത്തി. 22 പേർ പങ്കെടുത്ത അഞ്ചു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി, അംഗങ്ങളായ നാസർ ആറാട്ടുപുഴ, എം.എച്ച് ഉവൈസ്, ഐ.ആർ.ഡബ്ല്യു സ്റ്റേറ്റ് കൺവീനർ ഷെമീർ ആലുവ, അംഗങ്ങളായ കരീം എടവനക്കാട്, ഷിഹാബ്, യൂസഫ് പെരിങ്ങാല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
