Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനയിറങ്കല്‍നാഷണല്‍...

ആനയിറങ്കല്‍നാഷണല്‍ പാര്‍ക്ക് പദ്ധതി വനം വകുപ്പ് ഉപേക്ഷിക്കണമെന്ന് ആദിവാസി സംഘടനകൾ

text_fields
bookmark_border
ആനയിറങ്കല്‍നാഷണല്‍ പാര്‍ക്ക് പദ്ധതി വനം വകുപ്പ് ഉപേക്ഷിക്കണമെന്ന് ആദിവാസി സംഘടനകൾ
cancel

കോച്ചി: ആനയിറങ്കല്‍ ഡാമിന്‍റെ പരിസരപ്രദേശങ്ങളിലെ ആദിവാസികളെ കുടിയിറക്കി 'ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്' എന്ന പേരില്‍ വനംവകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി ഉപേക്ഷിക്കണമെന്ന് ഗോത്രമഹാസഭ അടക്കമുള്ള ആദിവാസി സംഘടനകൾ. പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ട് പോയാൽ പ്രക്ഷോഭമാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.

അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്‍റെ സത്യവാങ്മൂലത്തിന്‍റെ ഭാഗമായി 'ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്' എന്ന പദ്ധതിയുടെ രൂപരേഖ വനംവകുപ്പ് സമര്‍പ്പിരുന്നു. വന്യജീവികളുടെ നിലനിൽപിനെയും ആദിവാസികളുടെ നിലനിൽപിനെയും ഒരുപോലെ ബാധിക്കുന്ന പദ്ധതി അരിക്കൊമ്പന്‍ വിവാദത്തിന്‍റെ മറവില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

ആദിവാസി പുനരധിവാസത്തിന്‍റെ ഭാഗമായി 2002 ല്‍ 529 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കിയിരുന്നു. 301 ആദിവാസി സെറ്റില്‍മെന്‍റ്, വിളക്ക് ആദിവാസി സെറ്റില്‍മെന്‍റ്, പന്തടിക്കുളം ആദിവാസി സെറ്റില്‍മെന്‍റ്, സൂര്യനെല്ലി ആദിവാസി സെറ്റില്‍മെന്‍റ്, 80 ഏക്കര്‍ ആദിവാസി സെറ്റില്‍മെന്‍റ് തുടങ്ങിയ മേഖലകളിലെ 276 ഹെക്ടര്‍ ഭൂമിയുണ്ട്. ആനയിറങ്കല്‍ ഡാം റിസര്‍വോയറിനോട് തൊട്ടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് കൈവശം വച്ചുവരുന്ന റവന്യൂഭൂമിയും തൊട്ടടുത്ത പ്രദേശങ്ങളിലെ ഷോലവന പ്രദേശങ്ങളിലെ വനവല്‍ക്കരണഭൂമിയും ഉള്‍പ്പെടുത്തി 1253 ഹെക്ടര്‍ മേഖലയെ 'ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്' ആക്കി മാറ്റുകയാണ് വനംവകുപ്പിന്‍റെ പദ്ധതി. ഇതിലൂടെ ചിന്നക്കനാല്‍ ഭാഗത്തുള്ള റിസോര്‍ട്ടുകള്‍ സംരക്ഷിക്കപ്പെടും.

ആനയിറങ്കല്‍ ഡാമിന്‍റെ പരിസരപ്രദേശങ്ങളിലെ മനുഷ്യ - വന്യജീവി സംഘര്‍ഷം കൂടിവരുന്നതിനെ ലഘൂകരിക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ഈ മേഖലയില്‍ സ്ഥിരമായി കണ്ടുവരുന്ന ആനകള്‍ക്ക് സുരക്ഷിതമായ ഒരു മേഖല ഒരുക്കുകയാണ് പാര്‍ക്കിന്‍റെ ലക്ഷ്യമെന്നും, കാട്ടാനകളുടെ സംരക്ഷണത്തിനുള്ള ഒരു 'എലഫന്‍റ് കോറിഡോര്‍' പദ്ധതിയാണിതെന്നുമാണ് വനംവകുപ്പ് പറയുന്നത്

എന്നാല്‍ പദ്ധതിക്ക് ശാസ്ത്രീയമായ പാരിസ്ഥിതിക പഠനത്തിന്‍റെ പിന്‍ബലമില്ല. കച്ചവടതാല്പര്യം മാത്രമാണുള്ളത്. ചിന്നക്കനാല്‍ മേഖലയില്‍ 'എലഫെന്‍റ് കോറിഡോര്‍' ഉണ്ടെന്ന് വനം - വന്യജീവിവകുപ്പുകളുമായി ബന്ധപ്പെട്ട ഒരു ഏജന്‍സിയുടെയും പഠനമില്ല. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ദേശീയതലത്തില്‍ 101 ആനത്താരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ആനയിറങ്കല്‍ ഡാമുമായി ബന്ധപ്പെട്ട ഒരു 'കോറിഡോറും' പരാമര്‍ശിക്കുന്നില്ല.

ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതി വനഗവേഷകന്‍ ഡോ. പി.എസ്. ഈസയുടെ പഠനത്തിലും ആനയിറങ്കല്‍ കോറിഡോറിനെക്കുറിച്ച് പറയുന്നില്ല. കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊജക്റ്റ് എലഫെന്‍റിന്‍റെ ഭാഗമായി തയാറാക്കിയ രേഖയിലും ആനയറങ്കല്‍ മേഖലയില്‍ കോറിഡോര്‍ ഉള്ളതായി പറയുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലെ ആദിവാസികളെ കുടിയിറക്കാനായി കിഫ്ബിക്ക് സമര്‍പ്പിച്ച പദ്ധതിയുടെ ഭാഗമായി ലഭിച്ച 300 കോടിരൂപയാണ് പദ്ധതിയുടെ മൂലധനം. കേന്ദ്രസര്‍ക്കാര്‍ ഏറെക്കുറെ ഉപേക്ഷിച്ച പദ്ധതിയാണ് കാട്ടില്‍ നിന്നും ആദിവാസികളെ മാറ്റിപാര്‍പ്പിക്കല്‍. കിഫ്ബി ഫണ്ട് നിയമവിരുദ്ധമായി ആദിവാസികളെ കുടിയിറക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നതും ആദിവാസി സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നമാണ്.

വനംവകുപ്പിന്‍റെ പ്രകൃതിവിരുദ്ധമായ വനമാനേജ്മെന്‍റിന്‍റെ ഇരയാണ് അരിക്കൊമ്പന്‍ എന്ന കാട്ടാന. അരിക്കൊമ്പന്‍റെ ദാരുണമായ സ്ഥിതിതന്നെയായിരിക്കും കൃത്രിമമായ ഒരു പാര്‍ക്ക് വന്നാല്‍ ഉണ്ടാകുക. 1962 ല്‍ നിലവില്‍ വന്ന ആനയിറങ്കല്‍ ഡാമും അതിന്‍റെ റിസര്‍വോയറുമാണ് യഥാര്‍ത്ഥവില്ലന്‍ എന്നത് വനംവകുപ്പ് തുറന്ന് പറയുന്നില്ല. പരിഹാരവും നിര്‍ദ്ദേശിക്കുന്നില്ല.

പന്നിയാറിന്‍റെ സ്വാഭാവിക നീരൊഴുക്ക് ഡാം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് നിശബ്ദരായി. ഇപ്പോള്‍ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മുഴുവന്‍ യൂക്കാലിയും സില്‍വര്‍ ഓക്കും വെച്ചുപിടിപ്പിച്ച് ജൈവവൈവിധ്യം തുടച്ചുനീക്കിയതും വനംവകുപ്പാണ്. നിര്‍ദ്ദിഷ്ട പാര്‍ക്കില്‍ ഒരു പുല്‍ക്കൊടിപോലുമില്ല എന്നത് വനംവകുപ്പ് മറച്ചുവെക്കുന്നു. കുടിവെള്ളത്തിനായി വിദുരസ്ഥലങ്ങളില്‍ നിന്നുപോലും ആനകള്‍ക്ക് എത്തിച്ചേരേണ്ടിവരുന്നു.

മതികെട്ടാന്‍ സംരക്ഷിച്ചതും വനംവകുപ്പല്ല. ഭൂമാഫിയകള്‍ മതികെട്ടാന്‍ ചോലയില്‍ വന്‍കയ്യേറ്റം നടത്തിയപ്പോള്‍ കുടിയിറക്കാന്‍ ആവശ്യപ്പെട്ടതും പ്രശ്നവല്‍ക്കരിച്ചതും ആദിവാസി ഗോത്രമഹാസഭയായിരുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റില്‍ വില്പനക്ക് വെച്ചിരുന്ന മുത്തങ്ങമേഖലയെയും സംരക്ഷിച്ചത് ആദിവാസികളാണ്. വനംവകുപ്പിന്‍റെ വനമാനേജ്മെന്‍റ് പരിപാടികള്‍ പാരിസ്ഥിതിക വിരുദ്ധമാണ്. അത് പലപ്പോഴും വന്യജീവികള്‍ക്കും മനുഷ്യനുമെതിരായിരുന്നു. വനമാനേജ്മെന്‍റും പരിസ്ഥിതിവാദവും ഒന്നാണെന്ന കേരളത്തിലെ ആനപ്രേമികളുടെയും ഒരു പരിധിവരെ കോടതികളുടെയും നിലപാടും വനംവകുപ്പിന്‍റെ മനുഷ്യവിരുദ്ധ - വന്യജീവി വിരുദ്ധമായ നടപടികള്‍ തുടരുന്നതിന് കാരണമായിട്ടുണ്ട്.

ആനയിറങ്കല്‍നാഷണല്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ആദ്യവാരം ചിന്നക്കനാലില്‍ പ്രക്ഷോഭകണ്‍വെന്‍ഷന്‍ നടത്തുമെന്നും എം. ഗീതാനന്ദന്‍ പറഞ്ഞു. സി.ജെ. തങ്കച്ചന്‍, സി.എസ്. മുരളി, മുരുകേശന്‍ എന്‍പതേക്കര്‍, വിജി സുരേഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anayirangalan National Park projectTribal organizations
News Summary - Tribal organizations want the forest department to abandon the Anayirangalan National Park project
Next Story