ആദിവാസി വോട്ടര്‍മാരില്ലാത്ത ജനറല്‍ വാര്‍ഡില്‍ മത്സരിക്കാൻ മൂപ്പെൻറ അനുഗ്രഹം വാങ്ങി സുരേഷ് മിത്ര കാടിറങ്ങി
text_fieldsഊരുമൂപ്പന് മല്ലന് കാണിയുടെ അനുഗ്രഹം വാങ്ങി പ്രചാരണത്തിനിറങ്ങുന്ന സുരേഷ് മിത്ര
കാട്ടാക്കട: ആദിവാസി വോട്ടര്‍മാരാരും ഇല്ലാത്ത ജനറല്‍ വാര്‍ഡില്‍ മത്സരിക്കുന്ന ആദിവാസി യുവാവ് ഊരുമൂപ്പെൻറ അനുഗ്രഹം വാങ്ങി കാടിറങ്ങി. അഗസ്ത്യവനത്തിലെ വാലിപ്പാറ സെറ്റില്‍മെൻറിലെ സുരേഷ് മിത്ര (36) ആണ് കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
ഇക്കുറി പഞ്ചായത്ത് പ്രസിഡൻറ് പദവി എസ്.ടി സംവരണമായതോടെയാണ് ജനറല്‍ വാര്‍ഡില്‍ എസ്.ടി വിഭാഗത്തെ മത്സരിപ്പിക്കാന്‍ മുന്നണികള്‍ തീരുമാനിച്ചത്. ഊരുമൂപ്പന് മല്ലന് കാണിക്ക് വെറ്റിലയും ദക്ഷിണയും നല്കി ആനുഗ്രഹം വാങ്ങി. വാര്‍ഡ് സുപരിചിതമാണെന്നും വോട്ടര്‍മാരെ അടുത്തറിയാമെന്നും സുരേഷ് പറഞ്ഞു.
മുന്‍ പഞ്ചായത്തംഗം കൂടിയായ സുരേഷ് മിത്ര വനത്തിലെ യുവാക്കളെ മുഖ്യധാരയിലെത്തിക്കാൻ പങ്കുവഹിച്ചതും ആദിവാസി സമൂഹത്തിെൻറ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പ്രയത്നിച്ചതും കണക്കിലെടുത്താണ് ജനറല്‍ വാര്‍ഡില്‍നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റിച്ചല്‍ മണ്ഡലം പ്രസിഡൻറ് കോട്ടൂര്‍ സന്തോഷ് പറഞ്ഞു.