വിജയ ശതമാനം കൂട്ടാൻ ആദിവാസി കുട്ടികളുടെ പരീക്ഷ എഴുതുന്നത് സ്ക്രൈബ്; പ്രതിഷേധവുമായി ആദിവാസി സംഘടനകൾ
text_fieldsകൽപറ്റ: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളിൽ പകരക്കാരെ (സ്ക്രൈബ്) നിയോഗിച്ച് പരീക്ഷയെഴുതിക്കുന്ന നടപടിക്കെതിരെ ആദിവാസി സംഘടനകൾ. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കുമെന്ന് വിവിധ ആദിവാസി സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദിവാസി വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന മനുഷ്യാവകാശലംഘനവും വംശീയ നടപടിയുമാണിത്. മാനസികമായും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്നവരെന്ന പേരിൽ നൂറുകണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചാണ് സ്കൂൾ അധികൃതർ 100 ശതമാനം വിജയം ആഘോഷിക്കാനും തലയെണ്ണി തസ്തികകൾ നിലനിർത്താനും സ്ക്രൈബിനെ നിയോഗിച്ച് പരീക്ഷ എഴുതിക്കുന്നത്.
ഈ വർഷം ആയിരത്തോളം വിദ്യാർഥികളെ സ്ക്രൈബ്സിനെ ഉപയോഗിച്ച് പത്താംക്ലാസ് പരീക്ഷ എഴുതിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതിൽ പകുതിയിലേറെയും ആദിവാസി വിദ്യാർഥികളാണ്. ഒരു സർക്കാർ സ്കൂളിൽ ഒരു ബാച്ചിലെ മുഴുവൻ കുട്ടികളെയും പ്ലസ് വൺ പരീക്ഷക്ക് പകരക്കാരെവെച്ച് പരീക്ഷ എഴുതിച്ചതായി അറിവുണ്ട്. ഈ വർഷം 10-ാം ക്ലാസ് പരീക്ഷക്ക് സ്ക്രൈബിനെവെച്ച് പരീക്ഷ എഴുതിച്ച അർഹതയുള്ളവരുടെ ഒഴികെ എല്ലാ വിദ്യാർഥികളുടെയും ഫലം റദ്ദാക്കുകയും ആവശ്യമായ പരിശീലന ക്ലാസുകൾ നൽകി പുനഃപരീക്ഷ നടത്താനും സർക്കാർ തയാറാകണം. സ്ക്രൈബ് പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 10ന് ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫിസിന് മുന്നിൽ സൂചന സത്യഗ്രഹം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ, ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികളായ പ്രകൃതി, കെ.ആർ. രേഷ്മ, മറ്റു സംഘടന ഭാരവാഹികളായ എസ്.കെ. അനീസിയ, കെ.സി. ശിവൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

