മുട്ടിൽ മരംമുറി; തെളിവുകൾ നിരത്തി കുറ്റപത്രം
text_fieldsകൽപറ്റ: വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് മുഴുവൻ കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതികൾക്ക് കുരുക്ക് മുറുകി. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസിൽ കുറ്റപത്രം വൈകുന്നത് സംബന്ധിച്ച് വ്യാപക ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് 36 കേസുകളിൽകൂടി അന്വേഷണ സംഘം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾക്കെതിരേ വ്യക്തമായ തെളിവുകൾ നിരത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് സൂചന. മരംമുറി, ഗൂഢാലോചന, ഭീഷണി, കബളിപ്പിക്കൽ തുടങ്ങിയവ ചേർത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. റിപ്പോർട്ടർ ചാനൽ തലവന്മാർ കൂടിയായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവരെ കൂടാതെ രണ്ട് വില്ലേജ് ഓഫിസർമാരും കേസിൽ പ്രതികളാണ്.
പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബർ 24ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു വ്യാപക മരംകൊള്ള. അഞ്ചുവർഷം മുമ്പ് നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പൊലീസ് റജിസ്റ്റർ ചെയ്ത 41 കേസുകളിൽ അഞ്ചിൽ മാത്രമായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്.
1960ന് ശേഷം നട്ടുവളർത്തിയതും സ്വയംകിളിർത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനായിരുന്നു ഉത്തരവെങ്കിലും ഇതിന്റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് കർഷകരെ കബളിപ്പിച്ച് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തുകയായിരുന്നു. തുടർന്ന് റവന്യു, പൊലീസ്, വനം വകുപ്പുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മരംകൊള്ള കണ്ടെത്തിയത്. തുടർന്ന് മുറിച്ച മരങ്ങൾ വനം വകുപ്പ് കണ്ടുകെട്ടി.
500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ചുമാറ്റിയതെന്ന് ഡി.എൻ.എ പരിശോധനയില്‍ തെളിഞ്ഞതും പ്രതികൾക്ക് കനത്ത തിരിച്ചടിയായി. അന്നത്തെ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി ആയിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിനിടെ ഡിവൈ.എസ്.പിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കേസ് സമ്മർദ്ധത്തിലാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികള്‍ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരായി പ്രതികൾ നൽകിയ അപ്പീലുകള്‍ കഴിഞ്ഞ ദിവസം തള്ളിയതും പ്രതികൾക്ക് തിരിച്ചടിയായി. മുറിച്ചുമാറ്റിയ മരങ്ങള്‍ കണ്ടുകെട്ടിയ അന്നത്തെ ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നടപടി കോടതി ശരിവെക്കകുയായിരുന്നു. മരം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹരജികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നത്. നിയമവിരുദ്ധമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ വനം വകുപ്പില്‍നിന്നും ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

