പക്ഷിശല്യം തടയാൻ മാവിൽ വല വിരിച്ചു; വനം വകുപ്പ് അന്വേഷണം തുടങ്ങി
text_fieldsപന്തളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം വലയിൽ പൊതിഞ്ഞ് മാവിന്റെ ശിഖരങ്ങൾ
പന്തളം: ദേശാടനപ്പക്ഷികളുടെ ശല്യത്തിൽനിന്ന് രക്ഷതേടി പന്തളത്ത് നഗരസഭ നേതൃത്വത്തിൽ റോഡുവക്കിലെ മാവുകളിൽ ലക്ഷങ്ങൾ മുടക്കി വലവിരിച്ച സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. പക്ഷികളുടെ ആവാസ കേന്ദ്രത്തിന് തടസ്സം സൃഷ്ടിക്കുന്നെന്ന് അനിമൽ വെൽഫെയർ ബോർഡിനെ സമീപിച്ചത് ശ്രീജിത് പെരുമനയാണ്. പന്തളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം മൂന്ന് ദിവസംകൊണ്ടാണ് നഗരസഭ രണ്ട് മാവിലായി വല വിരിച്ചത്.
കിളികൾ കൂടുകൂട്ടിയിരിക്കുന്ന മാവിനു താഴെയുള്ള റോഡിലും വ്യാപാര സ്ഥാപനങ്ങളിലും കിളിയുടെ കാഷ്ടം കാരണം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നത് മാറ്റാനാണ് നഗരസഭ വല വിക്കാൻ തീരുമാനിച്ചത്. മരം വെട്ടിമാറ്റാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പക്ഷി സ്നേഹികളുടെ ഇടപെടൽ കാരണം വല വിരിച്ച് പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് ദിവസംകൊണ്ടാണ് വല വിരിക്കൽ പൂർത്തിയാക്കിയത്.
ചൊവ്വാഴ്ച പന്തളത്തെത്തിയ വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ മാവുകൾ പരിശോധിച്ച് നഗരസഭ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. റാന്നി റേഞ്ച് ഓഫിസർ സി.എസ്. സജീവ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിജയകുമാർ, ബി. അൻസർ എന്നിവ അടങ്ങുന്ന വിജിലൻസ് സംഘമാണ് പരിശോധനക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

