വനം വകുപ്പിലും 'ട്രഷറി' തട്ടിപ്പ്: ഡി.എഫ്.ഒയുടെ പാസ്വേഡ് ചോർത്തി ലക്ഷങ്ങൾ തട്ടി
text_fieldsപൊലീസ് അന്വേഷണം തുടങ്ങിതൃശൂർ: വിവാദമായ ട്രഷറി തട്ടിപ്പിന് സമാനമായി വനം വകുപ്പിലും ക്രമക്കേട്. ഡി.എഫ്.ഒയുടെ അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് തുക വെട്ടിച്ചെന്ന് കണ്ടെത്തി. സംഭവത്തിൽ മലയാറ്റൂർ ഡിവിഷനിലെ സീനിയർ ക്ലർക്ക് ജനീഷ് തമ്പാനെ തൃശൂർ സി.സി.എഫ് അന്വേഷണത്തിെൻറ ഭാഗമായി സസ്പെൻഡ് ചെയ്തു. പൊലീസും അന്വേഷണം തുടങ്ങി. എന്നാൽ, ഉത്തരവ് പുറത്ത് വിട്ടിട്ടില്ല. എത്ര തുകയാണ് വെട്ടിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് വകുപ്പ്, പൊലീസ് അന്വേഷണം നടക്കുകയാണെന്നും സി.സി.എഫ് 'മാധ്യമ'ത്തോട് പറഞ്ഞു. തെളിവുകൾ ശേഖരിച്ച് പരിശോധന തുടരുകയാണെന്ന് കേസ് രജിസ്റ്റർ ചെയ്ത കോടനാട് പൊലീസും പ്രതികരിച്ചു.
ട്രഷറി തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ പരിശോധനക്ക് വിവിധ വകുപ്പ് മേധാവികൾക്ക് ധനകാര്യ വിഭാഗം നിർദേശം നൽകിയിരുന്നു. വേറൊരു ഫയൽ പരിശോധനക്കിടയിലാണ് അസ്വാഭാവികമായി പണം മറ്റൊരു അക്കൗണ്ടിലേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ സീനിയർ ക്ലർക്ക് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ട്രഷറി തട്ടിപ്പിലെ സമാനത ഇതിലുമുണ്ട്. അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്കും അവിടെനിന്ന് മറ്റ് അക്കൗണ്ടിലേക്കുമാണ് മാറ്റിയത്.
മേലുദ്യോഗസ്ഥരുടെ വിശ്വസ്തനാണ് രജനീഷ് തമ്പാൻ. ഡി.എഫ്.ഒയുടെ വിശ്വാസ്യത നേടിയെടുത്തതിനാൽ പാസ്വേഡ് എളുപ്പത്തിൽ ലഭ്യമാവുകയായിരുന്നു. തട്ടിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായെന്നാണ് വിലയിരുത്തൽ. അക്കൗണ്ട് മുഴുവൻ പരിശോധനക്ക് വിധേയമാക്കും. രജനീഷ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു.