തിരുവനന്തപുരം: കലക്ടറുടെ അക്കൗണ്ടില്‍നിന്നു പണം തട്ടിയ സംഭവത്തിലുൾപ്പെടെ ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ചയെന്ന് അന്വേഷണ സംഘം. പ്രതി ബിജുലാൽ മുമ്പും പലകുറി പണം തട്ടിയിട്ടും നടപടിയുണ്ടാകാത്തതും ട്രഷറികളിൽ വലിയ തിരിമറികളാണ് നടക്കുന്നതെന്ന വെളിപ്പെടുത്തലും ഏറെ ഗൗരവത്തോടെയാണ് സംഘം കാണുന്നത്.
കാഷ് കൗണ്ടറില്‍നിന്ന് 60,000 രൂപ ബിജുലാല്‍ മോഷ്ടിെച്ചന്ന് വ്യക്തമായിട്ടും തുടര്‍നടപടി വേണ്ടെന്നായിരുന്നു ഉന്നത തീരുമാനം. കേസുമായി മുന്നോട്ടുപോകേണ്ടെന്ന് ആവശ്യപ്പെട്ട് സബ് ട്രഷറിയിലെ ഉന്നതന് ജീവനക്കാരുടെ ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ എട്ടിനാണ് വഞ്ചിയൂര്‍ സബ്ട്രഷറി കാഷ് കൗണ്ടറില്‍നിന്ന് 60,000 രൂപ മോഷണം പോയത്. കാഷ്യറുടെ വീഴ്ചയെന്നായിരുന്നു നിഗമനം. 60,000 രൂപ കാഷ്യറില്നിന്ന് ഇടാക്കിയതോടെ കൗണ്ടര്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ സൂപ്രണ്ടിന് പരാതി നല്കി.
നിരപരാധിയാണെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. പരാതി പൊലീസിലേക്ക് കൈമാറുമെന്ന വിവരം സൂപ്രണ്ട് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലിട്ടതിനു പിന്നാലെ പണം തിരികെ നല്കുമെന്നു സൂപ്രണ്ടിന് വാട്സ്ആപ് സന്ദേശമെത്തി. വികാസ് ഭവന് ട്രഷറിയില്‍നിന്ന് കാഷ്യറുടെ അക്കൗണ്ടിലേക്ക് 60,000 രൂപയുമെത്തി.
അന്വേഷണം എത്തിയത് ബിജുലാലിലായിരുന്നു. പണം ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണവുമായി മുന്നോട്ടു പോയാൽ ഉദ്യോഗസ്ഥെൻറ കുടുംബത്തെയും ഓഫിസിനെയും ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന് ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ആവശ്യപ്പെടുകയായിരുന്നു.
അന്നത്തെ പരാതിയില്‍ പൊലീസ് അന്വേഷണം ഉണ്ടായെങ്കില്‍ ട്രഷറിയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യും വിധം തട്ടിപ്പ് നടത്താൻ സാഹചര്യം ഉണ്ടാകില്ലായിരുന്നെന്നാണ് അന്വേഷണം സംഘത്തിെൻറ നിരീക്ഷണം. ഇതിെൻറ അടിസ്ഥാനത്തില്‍ കൂടുതല്‍ ട്രഷറി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
ബിജുലാൽ തട്ടിയത് 2.73 കോടി
തിരുവനന്തപുരം: ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. തട്ടിപ്പ് നടത്താന്‍ പാസ്വേഡ് ലഭിച്ചതും ബിജുലാലിെൻറ മോഷണം ഒതുക്കി തീര്‍ത്തതും അന്വേഷിക്കും. 2.73 കോടി രൂപ ബിജുലാല്‍ തട്ടിയെടുത്തതായാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ വിജിലന്‍സ് അന്വേഷണത്തിനും സാധ്യതയേറി.