ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇവിടത്തെ പബ്ലിക് റിലേഷൻസ് ഓഫിസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ് കോഓഡിനേറ്ററായും ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻറ് സ്പോൺസർഷിപ് കോഓഡിനേറ്ററായും നിയമിച്ചുകൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് ശബരിമല കോഓഡിനേറ്റർ എന്ന വ്യാജേന അനധികൃതമായി സ്പോൺസർഷിപ് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതിനായി വ്യക്തികളെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബോർഡ് അറിയിച്ചു.
ശബരിമലയിലേക്കുള്ള സ്പോൺസർഷിപ് സംഭാവനകൾ ശബരിമല സ്പോൺസർഷിപ് കോഓഡിനേറ്റർമാർ വഴിയോ, ശബരിമല സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫിസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ നൽകാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സംഭാവനകൾ നൽകാം. ഇതല്ലാതെയുള്ള പണപ്പിരിവുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

