ഗതാഗതമന്ത്രിയുടെ പ്രസ്താവന വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, സർക്കാറിനെ നയിക്കുന്നത് ധിക്കാരം - കെ.എൻ. ബാലഗോപാൽ
text_fieldsകെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട ഗതാഗതമന്ത്രി സി.പി. ജോൺ നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി നടത്തിയ പ്രസ്താവനയെന്ന് കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്. സർക്കാറിനെ നയിക്കുന്നത് ധിക്കാരമാണ്. മുഖ്യമന്ത്രിയെ അനുകരിക്കുകയാണ് മറ്റു മന്ത്രിമാരെന്നും കെ.എൻ. ബാലഗോപാൽ പരിഹസിച്ചു.
സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് ഗതാഗതമന്ത്രി നടത്തിയതെന്ന് പി. രാജീവും പറഞ്ഞു. ഉറങ്ങിക്കിടന്നവരെ വിളിച്ച് സദ്യ കൊടുക്കാം എന്ന് പറഞ്ഞ് മുഖത്ത് തുപ്പുന്ന രീതിയാണിത്. സ്ത്രീകളാരും സർക്കാരിനോട് സൗജന്യ യാത്ര നൽകാൻ ആവശ്യപ്പെട്ടിട്ടില്ല. ഔദാര്യമല്ല, അഭിമാനത്തോടെ യാത്ര ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് സർക്കാർ ഭരിക്കുന്നതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കലിന് തുല്യം. സ്ത്രീകൾക്ക് നൽകിയ അവകാശത്തെ നഗ്നമായി പരിഹസിക്കുന്നുവെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.എസ്. സുജാത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ പറഞ്ഞു. സി.പി. ജോണിന്റെ വിറളി പിടിച്ച പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ആനി രാജയും പ്രതികരിച്ചു. പ്രിയദർശിനി സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്ത മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും അവർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ക്ഷമയെ സർക്കാർ പരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. സർക്കാർ ആർക്കുവേണ്ടി ഭരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. 'വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്നും കെ.ബി. ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന സമ്മേളനത്തിൽ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോട് പ്രതികരണവുമായി മന്ത്രി എത്തിയത്.
ബസ് യാത്രയ്ക്ക് പോലും പണമില്ലാത്ത വിധം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്നതാണ് യാഥാർഥ്യമെന്ന് മന്ത്രി പറഞ്ഞു. ബസ് കൂലി കൊടുക്കാൻ പോലും കഴിവില്ലാത്ത വിധം സ്ത്രീകൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അത് ശരിയായ രീതിയിൽ മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് സങ്കടകരമായ കാര്യമാണ്. ഇതിനെക്കുറിച്ചാണ് താൻ വേദിയിൽ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

