തിരുവനന്തപുരം: പൊതുഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് മന്ത്രി എ.കെ. ശശീന്ദ്രനും ഗതാഗതസെക്രട്ടി കെ.ആർ. ജ്യോതിലാലുമടങ്ങുന്ന സംഘം ലണ്ടനിലേക്ക്. ജൂൺ രണ്ട് മുതൽ എട്ടുവരെയാണ് സന്ദർശനം. ട്രാൻസ്പോർട്ട് കമീഷണർ സുധേഷ്കുമാർ, കെ.എസ്.ആർ.ടി.സി സി.എം.ഡി എം.പി. ദിനേശ് എന്നിവരും സംഘത്തിലുണ്ട്.
ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടി.എഫ്.എൽ), നോട്ടിങ്ഹാം സിറ്റി കൗൺസിൽ, യൂനിവേഴ്സിറ്റി ഒാഫ് ബർമിങ്ഹാം, ട്രാൻസ്പോർട്ട് റിസർച് ലബോറട്ടറി എന്നിവിടങ്ങൾ സന്ദർശിക്കും. ലണ്ടനിലെ ഭൂഗർഭ റെയിൽ സർവിസുകളുടെ ചുമതല ട്രാൻസ്പോർട്ട് ഫോർ ലണ്ടനാണ്. െട്രയിൻ സർവിസിന് അനുബന്ധമായി ബസ് സർവിസ്, ടാക്സി, ജലഗതാഗതം എന്നിവയും ടി.എഫ്.എൽ കൈകാര്യം ചെയ്യുന്നുണ്ട്.
പൊതുഗതാഗതസംവിധാനങ്ങളുടെ സംയോജിത ക്രമീകരണവും ടിക്കറ്റിങ്ങും മനസ്സിലാക്കലാണ് ടി.എഫ്.എൽ സന്ദർശനോദ്ദേശ്യം. ഇ-വാഹനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ പുകമലിനീകരണം കുറക്കൽ, റോഡ്സുരക്ഷാ മാതൃക മനസ്സിലാക്കൽ, ഇ-ട്രാൻസ്പോർട്ടിെൻറ സാധ്യത ആരായൽ എന്നിവയാണ് സന്ദർശനത്തിെൻറ മറ്റ് ലക്ഷ്യങ്ങൾ.