ബസിൽ നിർത്തിയാത്രക്ക് അനുമതിതേടി ഗതാഗതവകുപ്പ്
text_fieldsതിരുവനന്തപുരം: ബസുകളിൽ ചുരുങ്ങിയത് പത്ത് േപർക്കെങ്കിലും നിന്ന് യാത്രചെയ്യാൻ അനുമതിതേടി ഗതാഗത വകുപ്പ്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യം പരഗണിച്ചാണ് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചത്. കോവിഡ് നിബന്ധനകളുള്ളതിനാൽ നിർത്തി യാത്രക്ക് വിലക്കുണ്ട്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ കണ്ടക്ടർമാർക്ക് 1000 രൂപ വീതം പിഴ ചുമത്താൻ തുടങ്ങിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇതോടെ നിർത്തി യാത്രക്ക് ജീവനക്കാരും മടിച്ചതോടെ ദേശസാത്കൃത റൂട്ടുകളിലടക്കം യാത്രാക്ലേശം കനത്തു. യാത്രക്കാരും ജീവനക്കാരും തമ്മിൽ പ്രശ്നങ്ങളും രൂക്ഷമായതോടെയാണ് നിർത്തിയാത്രക്ക് അനുമതി തേടുന്നത്.
മുഖ്യമന്ത്രിയുടെ അനുമതിയോടെ ദുരന്ത നിവാരണ വകുപ്പാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. സീറ്റിൽ മൂന്ന് പേർ ശാരീരിക അകലം പോലും പാലിക്കാതെ ഇരുന്ന് യാത്രചെയ്യുന്ന സാഹചര്യത്തിൽ പത്ത് പേർക്ക് സാമൂഹിക അകലം പാലിച്ചുനിന്ന് യാത്ര ചെയ്യുന്നതിൽ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. സ്വകാര്യ ബസുകളും യാത്രക്കാരെ നിർത്താറുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിക്കെതിരെ മാത്രമാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നടപടിയെന്നും ആക്ഷേപമുണ്ട്.
ജീവനക്കാർ നിലപാട് കടുപ്പിച്ചതോടെ കലക്ഷനിലും വലിയ ഇടിവാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത്. സീറ്റിങ് പരിധി കഴിഞ്ഞ് യാത്രക്കാരുണ്ടാവുകയും അധികമുള്ളവർ ഇറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്താൽ ബസുകൾ നിർത്തിയിടുകയാണ്. യാത്രക്കാരുണ്ടെങ്കിലും യാത്ര സൗകര്യമില്ലാത്ത സ്ഥിതി. യാത്രക്കാർ ഏറെയുള്ള സമയങ്ങളിൽ കൂടുതൽ സർവിസ് ഒാപറേറ്റ് ചെയ്യാനും മാനേജ്മെൻറിന് താൽപര്യമില്ല.
സർക്കാർ ജീവനക്കാർക്കുള്ള ബോണ്ട് സർവിസുകൾ ആരംഭിക്കുന്നതിലാണ് അധികൃതരുടെ ശ്രദ്ധ. ഇതോടെ ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലൊരു ശതമാനം പേരും.
സമാന്തര സർവിസുകളിലും നിരത്തിൽ വ്യാപകമാണ്. സർക്കാർ ജീവനക്കാരാകെട്ട നല്ലൊരു ശതമാനവും സ്വന്തം നിലയ്ക്ക് സമാന്തര സർവിസുകളെ ആശ്രയിക്കുകയാണ്. ഇത്തരം സർവിസുകളെ തടയരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവും.