ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവിൽ തിരുത്തൽ: അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) സ്ഥാനത്തുനിന്ന് ഡോ. കെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പഴയ ഉത്തരവിലെ ഭാഗം ഒഴിവാക്കിയാണ് തിരുത്തൽ. പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റമെന്നാണ് പുതിയ ഉത്തരവിലുള്ളത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റമെന്ന ഉത്തരവിനെതിരെ റീനയുൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആ ഭാഗം ഒഴിവാക്കിയത്.
ഡയറക്ടർ സ്ഥാനത്തുനിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയത് ഞെട്ടിച്ചെന്നാണ് ഡോ. റീന ആദ്യ ഉത്തരവ് ഇറങ്ങിയപ്പോൾ പ്രതികരിച്ചത്. താൻ 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചതെന്നുമാണ് അവർ പറഞ്ഞത്. ഇത്രയും കാലം സർവിസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം റീന ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന റീനയെ എറണാകുളത്തേക്ക് മാറ്റി, പകരം ഡോ. മീനാക്ഷിക്ക് ചുമതല നൽകിയാണ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ‘തുരപ്പൻ പണി’ കാണിച്ചതുകൊണ്ടാണ് നടപടിയെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി.എച്ച്.എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
അന്നു വൈകിട്ട് 5.30ന് വാർത്തസമ്മേളനം നടത്തുമ്പോൾ തനിക്ക് ഫലം ലഭിച്ചിരുന്നില്ലെന്നാണ് ഡോ. റീന പറയുന്നത്. എന്നാൽ, തന്നോടൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത അവർക്ക് ഉച്ച ഒരു മണിക്ക് തന്നെ ഫലംവന്നത് അറിയാമായിരുന്നെന്നും പിന്നീട് ആറു മണിയോടെയാണ് വിവരം പറഞ്ഞതെന്നും മന്ത്രി വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

