മലബാർ ദേവസ്വം കമീഷണറുടെ സ്ഥലം മാറ്റം: വിനയായത് ശമ്പള പരിഷ്കരണം മരവിപ്പിച്ചത്
text_fieldsകോഴിക്കോട്: ചേരിപ്പോരിനൊടുവിൽ മലബാർ ദേവസ്വം ബോർഡ് കമീഷണറെ സ്ഥലം മാറ്റി. എ.എൻ. നീലകണ്ഠനെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വ്യവസായ വകുപ്പ് ജോയന്‍റ് സെക്രട്ടറിയായി നിയമിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്.ക്ഷേത്ര ജീവനക്കാർ വർഷങ്ങളായി നടത്തിവന്ന സമരത്തിനൊടുവിൽ ഈയിടെ ദേവസ്വം ബോർഡ് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിരുന്നു.ഇതിൽ ചില അപാകതകൾ കടന്നുകൂടി.
ഇത് വ്യാപക പരാതിക്കിടയാക്കിയതോടെ ചെയർമാൻ എം.ആർ. മുരളിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ബോർഡ് സ്ഥിതിഗതികൾ വിലയിരുത്തി. അപാകതകളുടെ ഉത്തരവാദിത്തത്തിൽനിന്ന് ബോർഡിന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് വ്യക്തമായതോടെ ശമ്പള പരിഷ്കരണം അൽപം നീട്ടിവെക്കാൻ ധാരണയായി. ഇക്കാര്യം പുറത്ത് ചർച്ച ചെയ്യേണ്ട എന്ന നിലപാടാണ് യോഗം എടുത്തത്. ഇതിന് വിരുദ്ധമായി കമീഷണർ ശമ്പള പരിഷ്കരണം മരവിപ്പിച്ച് ഉത്തരവിറക്കി.
ഇതോടെ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സി അനുകൂല സംഘടനയും ഹിന്ദു ഐക്യവേദിയുമെല്ലാം വലിയ പ്രക്ഷോഭവുമായി രംഗത്തെത്തി. 11 വർഷത്തിനുശേഷമുള്ള ശമ്പള പരിഷ്കരണം അധികൃതർതന്നെ അട്ടിമറിച്ചെന്ന ആരോപണം ബോർഡിനെയാകെ പ്രതിരോധത്തിലാക്കി. ഇതോടെ ബോർഡ് തന്നെ കമീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുകയായിരുന്നു.
വിവാദ ഉത്തരവിറക്കിയെന്ന് മാത്രമല്ല, ഇക്കാര്യത്തിൽ ചെയർമാനുമായി കൂടിയാലോചന നടത്തിയില്ലെന്ന വിമർശനം എം.ആർ. മുരളി പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ശമ്പള പരിഷ്കരണത്തിൽ ഇനി വരാനുള്ള സർക്കാർ ഉത്തരവിന്റെ കാര്യത്തിൽ കമീഷണറുടെ അഭാവം കാലതാമസമുണ്ടാക്കുമോ എന്ന ആശങ്ക ജീവനക്കാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

