ഇടപാടുകൾ മുടങ്ങി; എസ്.ബി.ഐ ഉപഭോക്താക്കൾ വലഞ്ഞു
text_fieldsഇടപാടുകൾ തടസ്സപ്പെടുമെന്ന് അറിയിച്ച് എസ്.ബി.ഐയുടെ ട്വീറ്റ്
തൃശൂർ: ആഴ്ചകളായി തുടരുന്ന സാങ്കേതിക തകരാറിെൻറ പാരമ്യത്തിൽ ചൊവ്വാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം, പി.ഒ.എസ് (പോയിൻറ് ഓഫ് സെയിൽ) ഒഴികെയുള്ള എല്ലാ ഇടപാടുകളും മുടങ്ങി.
ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ച എസ്.ബി.ഐക്ക്, എല്ലാ ഉപഭോക്താക്കളെയും എസ്.എം.എസിലൂടെയാണ് ഇത്തരം വിവരങ്ങൾ അറിയിക്കേണ്ടതെന്ന മറുപടി ട്വീറ്റിെൻറ പ്രവാഹമായിരുന്നു.
ഇനിയും കൃത്യമായി കണ്ടെത്താനാകാത്ത സാങ്കേതിക തകരാർ കാരണം നിരവധി ആഴ്ചകളായി എസ്.ബി.ഐയിൽ പ്രശ്നമാണ്. ബാങ്ക് ശാഖകളിൽ ജോലിക്ക് എത്തുന്നവർക്ക് രാവിലെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നത് പോലും ഒന്ന്-ഒന്നര മണിക്കൂറോളം കാത്തിരുന്നാണ്.
പ്രശ്നപരിഹാരത്തിന് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ തലത്തിൽ ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല. മുംബൈയിൽ വൈദ്യുതി വിതരണം നിലച്ച തിങ്കളാഴ്ച രാജ്യത്താകെ എസ്.ബി.ഐയുടെ സേവനം ഏറെനേരം തടസ്സപ്പെട്ടിരുന്നു. മുംബൈയിലാണ് എസ്.ബി.ഐയുടെ സർവർ.

