യു.ഡി.എഫ് സ്ഥാനാർഥികളായ ട്രാൻസ് വുമൺ അമേയയുടെയും അരുണിമയുടെയും നാമനിർദേശ പത്രിക അംഗീകരിച്ചു
text_fieldsകോഴിക്കോട്: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ട്രാൻസ് വുമൺ അമേയ പ്രസാദിന് മത്സരിക്കാം. വനിതാ സംവരണ സീറ്റിൽ മൽസരിക്കാനുള്ള അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗീകാരം നൽകിയത്.
നേരത്തെ, വോട്ടർപട്ടികയിൽ അമേയയുടെ പേരിനുനേരെ ട്രാൻസ്‌ജെൻഡർ എന്നുള്ളതിനാൽ അമേയ പ്രസാദ് ഹൈകോടതിയെ സമീപിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ സമർപ്പിച്ച നാമനിർദേശപത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തിരുന്നു. അമേയ നേരത്തെ തന്നെ പോത്തൻകോട് ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു.
സ്ഥാനാർഥിത്വം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അമേയ ഇക്കുറി പോത്തൻകോട് ഡിവിഷൻ യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും 'മാധ്യമ'ത്തോട് പ്രതികരിച്ചു. അഭിനേതാവായ അമേയ കേരള പ്രദേശ് ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ സംസ്‌ഥാന പ്രസിഡന്റും കെ.പി.സി.സി അംഗവുമാണ്.
കൂടാതെ, ആലപ്പുഴ ജില്ല പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം. കുറുപ്പിന്‍റെ സ്ഥാനാർഥിത്വവും അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. വോട്ടർ ഐഡി ഉൾപ്പടെ അരുണിമയുടെ രേഖകളിൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയതിനാൽ സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കുന്നതിന് തടസമില്ല. മാത്രമല്ല, ഇത് ആരും എതിർത്തതുമില്ല. ഇതോടെയാണ് അരുണിമക്ക് മത്സരിക്കാൻ വഴിയൊരുങ്ങിയത്.
പത്രിക പിൻവലിക്കൽ തിങ്കളാഴ്ച വൈകിട്ട് മൂന്നുവരെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നുവരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റിനോ ഇതിനായി ഫോറം -5 ൽ തയാറാക്കിയ നോട്ടീസ് നൽകാം. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

