വന്ദേഭാരത് പാരയായി; വൈകിയോട്ടത്തിൽ വലഞ്ഞ് സ്ഥിരം യാത്രക്കാർ
text_fieldsRepresentational Image
വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചപ്പോഴുണ്ടായ ആഹ്ലാദവും ആരവവുമൊന്നും ട്രെയിൻ യാത്രക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴില്ല. വന്ദേഭാരതിന് വഴിയൊരുക്കാൻ മറ്റെല്ലാ ട്രെയിനുകളും വഴിനീളെ നിർത്തിയിടുന്നത് സ്ഥിരംയാത്രക്കാരിൽ സൃഷ്ടിച്ച അമർഷം പ്രതിഷേധത്തിന് വഴിമാറിയിരിക്കുന്നു. വന്ദേഭാരതിന്റെ വരവിനുമുമ്പ് ഏറക്കുറെ കൃത്യസമയം പാലിച്ചിരുന്ന ജനശതാബ്ദി എക്സ്പ്രസ് അടക്കം പല സ്റ്റേഷനുകളിലും നിർത്തിയിടുകയാണിപ്പോൾ. വന്ദേഭാരത് വൈകാതിരിക്കാൻ റെയിൽവേ പുലർത്തുന്ന ‘അതിജാഗ്രത’ മറ്റ് ട്രെയിനുകൾ കൂട്ടത്തോടെ വൈകിയോടുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.
വന്ദേഭാരത് ആരംഭിച്ചതോടെ മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവായി. രണ്ടാം വന്ദേഭാരത് സർവിസ് തുടങ്ങിയതോടെ വൈകിയോട്ടവും യാത്രാക്ലേശവും ഇരട്ടിച്ചു. കൂടിയ ദൂരം കുറഞ്ഞ സമയത്ത് ഓടിയെത്തുന്ന വന്ദേഭാരതിനുവേണ്ടി കുറഞ്ഞ ദൂരം കൂടുതൽ സമയമെടുത്ത് ഓടിത്തീർക്കുന്ന സ്ഥിതി എക്സ്പ്രസ് ട്രെയിനുകൾക്ക് വന്നുചേർന്നുവെന്നാണ് യാത്രക്കാരുടെ പരാതി. നാഗർകോവിൽ -കോട്ടയം പാസഞ്ചറിനെയും ഏറനാടിനെയും പാലരുവിയെയും ഇന്റർസിറ്റിയെയും മുതൽ രാജധാനിവരെയുള്ള നിരവധി സർവിസുകളുടെ സമയക്രമത്തെ വന്ദേഭാരത് താളംതെറ്റിക്കുന്നു. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ തിരൂരിനും കണ്ണൂരിനുമിടയിലെ യാത്ര അനന്തമായി നീളുന്ന അവസ്ഥയാണിപ്പോൾ.
സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന സർവിസുകളെ ബാധിക്കാതെ വന്ദേഭാരത് ഷെഡ്യൂൾ ചെയ്യാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. വന്ദേഭാരതിന്റെ വരവും റെയിൽവേയുടെ പരിഷ്കരിച്ച സമയക്രമവും കൊല്ലത്തുനിന്നും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഭാഗത്തേക്കും തിരിച്ചും ട്രെയിനുകളെ ആശ്രയിക്കുന്ന വലിയൊരുവിഭാഗത്തെ ദുരിതത്തിലാക്കി.
വേണം, വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം
വന്ദേഭാരതിന്റെ നിലവിലെ സമയത്തിൽ മാറ്റംവരുത്തണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. നിലവിൽ വൈകീട്ട് 4.05ന് പുറപ്പെടുന്ന 20632 നമ്പർ വന്ദേഭാരത് വൈകീട്ട് 3.30നുമുമ്പ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം. ഇതുവഴി ഉച്ചകഴിഞ്ഞ് മൂന്നിനുള്ള തിരുവനന്തപുരം- ചെന്നൈ മെയിൽ വർക്കലയിലും എറണാകുളം- ആലപ്പുഴ മെമു സ്പെഷൽ മാരാരിക്കുളത്തും ഏറനാട് എക്സ്പ്രസ് ചേർത്തലയിലും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി കുമ്പളത്തും നിർത്തിയിടുന്ന സാഹചര്യം ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
20634ാം നമ്പർ വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് രാവിലെ 5.15ന് പുറപ്പെടുന്നത് അഞ്ചിനാക്കണം എന്നതാണ് മറ്റ് ട്രെയിനുകളെ ബാധിക്കാതിരിക്കാനുള്ള മറ്റൊരു നിർദേശം. ഇതിലൂടെ പാലരുവി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് ഒഴിവാകും. ഇതുസംബന്ധിച്ച് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കഴിഞ്ഞ 22ന് നിവേദനം നൽകിയിരുന്നു.
ഇതെന്തൊരു വൈകൽ
സർക്കാർ ഓഫിസുകളിലും മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും പഞ്ചിങ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജീവനക്കാർക്ക് സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാവുന്നില്ല എന്ന പരാതി വ്യാപകമാണ്. വന്ദേഭാരതിനായി രണ്ടോ മൂന്നോ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുമ്പോൾ അതിനു ശേഷമുള്ള നിരവധി ട്രെയിനുകളുടെ സമയവും തെറ്റുന്നു. കൊല്ലം ഭാഗത്തുനിന്നുള്ള പുണെ- കന്യാകുമാരി എക്സ്പ്രസ് നേമം കടന്നുപോയാല് മാത്രമേ കൊല്ലത്തേക്കുള്ള അനന്തപുരി സൂപ്പർഫാസ്റ്റിന് തിരുവനന്തപുരം സെന്ട്രലില് പ്രവേശിക്കാനാവൂ. പുണെ- കന്യാകുമാരി വൈകി ഓടുന്നതിനാൽ, അനന്തപുരിയും വൈകുന്നു. അനന്തപുരി എത്തിയശേഷമാണ് പുനലൂർ -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുക. പുനലൂർ -നാഗർകോവിൽ എക്സ്പ്രസ് ഇപ്പോൾ 20 മിനിറ്റിൽ കൂടുതൽ തിരുവനന്തപുരത്ത് നിർത്തിയിടേണ്ടി വരുന്നു. മാത്രമല്ല, ഈ ട്രെയിനിന് കഴക്കൂട്ടം മുതല് തിരുവനന്തപുരം വരെയുള്ള 13 കിലോമീറ്റർ യാത്രക്ക് 36 മിനിറ്റാണ് നല്കിയിരിക്കുന്നത്. പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ ഈ ട്രെയിനിന് അധിക സ്റ്റോപ്പുകൾ നൽകിയാല് ഒരുപാട് യാത്രക്കാര്ക്ക് പ്രയോജനം ലഭിക്കും. അതിന് റെയിൽവേ സന്നദ്ധമല്ല.
ആലപ്പുഴയിൽനിന്ന് പുതിയ സമയപ്രകാരം വൈകീട്ട് 3.50ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസ് രാത്രി 9.32നാണ് കോഴിക്കോട്ട് എത്തേണ്ടത്. രാത്രി 7.50ന് ഷൊർണൂരിലെത്തും വരെ ഏറക്കുറെ സമയക്രമം പാലിക്കുമെങ്കിലും തുടർന്നിങ്ങോട്ട് എക്സിക്യൂട്ടിവിലെ യാത്രക്കാർ വന്ദേഭാരതിന് ഇരയാവുകയാണ്. രാത്രി 8.17ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് വഴിമാറാൻ വഴിയിൽ പിടിച്ചിടുന്ന എക്സിക്യൂട്ടിവിന് പലപ്പോഴും പിന്നാലെ വരുന്ന വീക്ക്ലി ട്രെയിനുകൾക്കും ജനശതാബ്ദിക്കുംവേണ്ടി വഴിമാറണം. രാത്രി 9.32ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന എക്സിക്യൂട്ടിവ് പുതിയ സമയപ്രകാരം കണ്ണൂരിലെത്തേണ്ടത് പുലർച്ച 12.30നാണ്. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ യാത്രക്ക് മൂന്നുമണിക്കൂർ. ഇങ്ങനെയുള്ള എക്സിക്യൂട്ടിവ് യാത്ര ആർക്കും മടുത്തുപോകും.
എറണാകുളത്തുനിന്ന് വൈകീട്ട് 6.45ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസിനുശേഷം കൊല്ലത്തേക്ക് കോട്ടയം വഴി ട്രെയിനില്ലാത്ത സാഹചര്യമുണ്ട്. 7.30ന് എറണാകുളത്തുനിന്നുള്ള പാസഞ്ചർ കോട്ടയം വരെയാണുള്ളത്. ഇത് കൊല്ലത്തേക്ക് നീട്ടിയാൽ നിരവധി യാത്രക്കാർക്ക് ഉപകാരമാകും. രാത്രി 8.45ന് വേണാട് എക്സ്പ്രസ് കഴിഞ്ഞാൽ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കും ‘ഡെയ്ലി’ ട്രെയിനുകളില്ല. സ്പെഷൽ, വീക്ക്ലി ട്രെയിനുകൾ വൈകിവരുന്നത് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം.
തിരുവനന്തപുരം- കൊല്ലം സെക്ടറിൽ അശാസ്ത്രീയ സമയക്രമം
ഉച്ചക്ക് ഒന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന അൺറിസർവ്ഡ് എക്സ്പ്രസിന് കൊല്ലത്തെത്താൻ അനുവദിച്ചിരിക്കുന്നത് ഏകദേശം നാലര മണിക്കൂറാണ്. ഇത്രയും ദൈർഘ്യമുള്ള സമയക്രമം യാത്രക്കാർക്ക് ഗുണകരമല്ല. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ നാലു ട്രെയിനുകൾക്കു വഴിമാറിക്കൊടുക്കേണ്ട വിധത്തിലുള്ള സമയക്രമം വന്ദേഭാരത് കൂടി വന്നതോടെ യാത്രക്കാർക്ക് കൂടുതൽ തലവേദനയായി. മയ്യനാടുനിന്ന് കൊല്ലത്തേക്കുള്ള 10 കിലോമീറ്റിൽ താഴെ ദൂരം ഓടിയെത്താൻ ഒരു മണിക്കൂർ ‘സാവകാശ’മാണ് ഈ ട്രെയിനിന് റെയിൽവേ നൽകുന്നത്. നിലവിൽ ഉച്ചക്ക് ഒന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 1.50ന് പുറപ്പെടുന്നവിധം മാറ്റണമെന്ന ആവശ്യവും വനരോദനമാവുന്നു.
ഒക്ടോബർ ഒന്നുമുതൽ റെയിൽവേ ട്രെയിൻ സമയമാറ്റം പ്രഖ്യാപിച്ചതോടെ പുണെ-കന്യാകുമാരി എക്സ്പ്രസിനെ ആശ്രയിച്ച് കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് എത്തിക്കൊണ്ടിരുന്ന യാത്രക്കാരും പ്രതിസന്ധിയിലാണ്.
കൊല്ലത്തുനിന്ന് രാവിലെ 8.23ന് വഞ്ചിനാട് കഴിഞ്ഞാൽ 9.50ന് ചെന്നൈ മെയിലാണ്, യാത്രക്കാരുടെ വലിയ തിരക്കുള്ള തിരുവനന്തപുരം ഭാഗത്തേക്കുള്ളത്. ഇതിനുശേഷം 10.30ന് ഐലൻഡ് എക്സ്പ്രസും 11.35ന് കൊല്ലം -കന്യാകുമാരി മെമുവും തിരുവനന്തപുരത്തേക്കുണ്ട്. കന്യാകുമാരി മെമു ഒമ്പതിന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ യാത്രക്കാർക്ക് ഗുണകരമാവും.
ഡീ റിസർവ്ഡ് കോച്ചുകൾ കുറക്കാനും നീക്കം
അതേസമയം, ഡീ റിസർവ്ഡ് കോച്ചുകൾ കുറക്കാനുള്ള നീക്കവും റെയിൽവേ നടത്തുന്നുണ്ട്. തിരുവനന്തപുരം-എറണാകുളം പാതയിലെ കൂടുതൽ ട്രെയിനുകളിൽ ഡീ റിസർവ്ഡ് കോച്ചുകൾ വേണമെന്ന നിവേദനങ്ങൾക്ക് പരിഹാരം ഇനിയും അകലെയാണ്. ജനറൽ കോച്ചുകൾ കുറവായ ട്രെയിനുകളിൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുന്നത് സീസൺ ടിക്കറ്റുകാർ ഏറെ യാത്ര ചെയ്യുന്ന കൊല്ലം-തിരുവനന്തപുരം, കൊല്ലം- ആലപ്പുഴ, കൊല്ലം-കോട്ടയം റൂട്ടുകളിൽ യാത്രക്കാർക്ക് ആശ്വാസമായിരുന്നു. രണ്ട് ജനറൽ കോച്ചുകൾ മാത്രമുള്ള തിരുവനന്തപുരം- ചെന്നൈ എക്സ്പ്രസിൽ ഡീ റിസർവ്ഡ് കോച്ച് ആരംഭിക്കണമെന്ന ആവശ്യം ദീർഘകാലമായുണ്ടെങ്കിലും അവഗണിക്കപ്പെടുകയാണ്. വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

