സമ്പന്നയാത്രക്ക് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്
text_fieldsകൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നവർ വന്ദേഭാരത് ഉപയോഗിച്ചാൽ സാധാരണക്കാർക്ക് മറ്റ് ട്രെയിനുകൾ കൂടുതലായി ഉപയോഗിക്കാം. ഇതാണ് വന്ദേഭാരതിന്റെ ലക്ഷ്യം. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ ഇത്തരം ട്രെയിനുകൾക്കുവേണ്ടി സാധാരണ യാത്രികരെ ബുദ്ധിമുട്ടുക്കുന്നത് ശരിയല്ല.
വടക്കൻ കേരളത്തിലും മറ്റും റോഡുപണി നടക്കുന്നതിനാൽ കൂടുതൽ പേർ ട്രെയിനിനെ ആശ്രയിക്കുന്ന സമയമാണിത്. അതിന്റെ തിരക്കുകൂടി ആകുമ്പോൾ ട്രെയിൻ യാത്ര പ്രയാസകരമാണ്. റോഡുപണിയും ഗതാഗതക്കുരുക്കും സാമ്പത്തിക ചെലവുമെല്ലാം നോക്കുമ്പോൾ കൂടുതൽ പേർ ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, യാത്രക്കാരുടെ ബാഹുല്യവും വരുമാനവും റെയിൽവേ പരിഗണിക്കുന്നില്ല.
ചാൾസ് ആന്റണി -സെക്രട്ടറി, റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ അസോ. (തിരുവനന്തപുരം-നാഗർകോവിൽ സെക്ഷൻ)
വന്ദേഭാരതിന്റെ സമയം ശാസ്ത്രീയമായി പരിഷ്കരിക്കണം
വന്ദേഭാരത് ട്രെയിനുകളുടെ സമയം ശാസ്ത്രീയമായി പരിഷ്കരിക്കാൻ റെയിൽവേ തയാറാകണം. എല്ലാ ട്രെയിനുകളും സമയക്രമം പാലിച്ച് സർവിസ് നടത്തുകയാണ് വേണ്ടത്. അതിനുള്ള ക്രിയാത്മകമായ ശ്രമം റെയിൽവേ അധികൃതരിൽനിന്ന് അടിയന്തരമായി ഉണ്ടാകണം. സ്റ്റോപ്പുകൾ, യാത്രാ ഇളവുകൾ തുടങ്ങിയവ കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന നിലയിൽ പുനഃസ്ഥാപിക്കണം. യാത്രക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജനറൽ കോച്ചുകൾ, ഡീ റിസവർവ്ഡ് കോച്ചുകൾ എന്നിവ കൂട്ടണം. നിലവിലെ ട്രെയിനുകളുടെ അനാവശ്യ ബഫർ ടൈം ഒഴിവാക്കാനും ഇടപെടൽ ആവശ്യമാണ്.
ലിയോൺസ് ജെ, (സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽസ്)
തീരദേശ പാത ഇരട്ടിപ്പിക്കൽ: ഇനി വേണ്ടത് കേന്ദ്രമന്ത്രി സഭയുടെ പച്ചക്കൊടി
ആലപ്പുഴ: തീരദേശ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാൻ ഇനി വേണ്ടത് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി മാത്രമാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഫയലുകളെല്ലാം തയാറായിട്ടുണ്ട്. മന്ത്രിസഭ അനുമതി ലഭിച്ചാൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങാനാകും.
ചേർത്തല, ആലപ്പുഴ, കായംകുളം സ്റ്റേഷനുകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേക്ക് കത്ത് നൽകിയിട്ടുണ്ട്. പലവട്ടം ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. രാവിലെ 6.30 കഴിഞ്ഞാൽ തിരുവനന്തപുരത്തേക്ക് വണ്ടിയില്ലാത്തത് പരിഹരിക്കാൻ വന്ദേഭാരതിന്റെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉച്ചക്ക് എത്തുന്ന വന്ദേഭാരത് കുറച്ചുകൂടി നേരത്തെയാക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. വൈകീട്ടുള്ള വന്ദേഭാരതിന്റെ സമയം കുറച്ചുകൂടി നേരത്തെയാക്കിയാൽ മറ്റ് ട്രെയിനുകൾ അതിനായി പിടിച്ചിടുന്നത് ഒഴിവാക്കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് എം.പി പറഞ്ഞു.
എ.എം. ആരിഫ് (എം.പി)
ട്രെയിനുകൾ വൈകുന്ന സാഹചര്യം ഒഴിവാക്കണം
വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചതോടെ മറ്റ് ട്രെയിനുകൾ വൈകുന്ന സാഹചര്യം ഒഴിവാക്കണം. വന്ദേഭാരതിന്റെ ഷെഡ്യൂൾ സമയം കൃത്യമായി പാലിക്കുന്നതിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ട്രെയിനുകൾക്ക് വേഗം കൂട്ടാൻ ട്രാക്കിലെ വളവുകൾ നിവർത്തുന്നതടക്കം മറ്റ് സാധ്യമായ മാർഗങ്ങൾ പരിശോധിക്കണം.
വന്ദേഭാരതുമൂലം കേരളത്തിൽ ട്രെയിനുകൾ വൈകുന്ന വിഷയം കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. റെയിൽവേ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള എക്സ്പ്രസ് ഉള്പ്പെടെ പ്രധാന ട്രെയിനുകൾപോലും വൈകി ഓടുന്നു. മറ്റ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടാത്തവിധം വന്ദേഭാരതിന്റെ സമയം മാറ്റുന്നതടക്കമുള്ള പരിഹാരമാർഗങ്ങൾ റെയിൽവേ അടിയന്തരമായി സ്വീകരിക്കണം.
എൻ.കെ. പ്രേമചന്ദ്രൻ (എം.പി)
കൂടുതൽ മെമു, പാസഞ്ചർ സർവിസുകൾ ആരംഭിക്കണം
വിരലിലെണ്ണാവുന്ന അധിക കോച്ചുകൾ അനുവദിച്ചതുകൊണ്ടു മാത്രം മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴിയില്ല. ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതത്തിന് പരിഹരിക്കാൻ കൂടുതൽ മെമു, പാസഞ്ചർ സർവിസുകൾ ആരംഭിക്കണം.
കോഴിക്കോട്-തൃശൂർ പാസഞ്ചർ റദ്ദാക്കിയത് മലബാറില യാത്രക്കാർക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ദീർഘദൂര സർവിസുകളിൽ കൂടുതൽ ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണം. ഷൊർണൂർ-കണ്ണൂർ, ഷൊർണൂർ കോയമ്പത്തൂർ, ഷൊർണൂർ-എറണാകുളം സെക്ടറുകളിൽ കൂടുതൽ മെമു സർവിസുകൾ ആരംഭിക്കണം. നിലവിൽ തെക്കൻ ജില്ലകളിൽനിന്ന് ഷൊർണൂർ വരെയുള്ള പാസഞ്ചറുകൾ മലബാർ മേഖലയിലേക്ക് സർവിസ് നീട്ടുന്നതും ഗുണകരമാവും. റെയിൽവേ തുടരുന്ന സമയക്രമം പരിഷ്ക്കരിക്കലും അത്യാവശ്യമാണ്. മലബാറിൽ അശാസ്ത്രീയമായാണ് വണ്ടികൾ കടന്നുപോവുന്നത്. യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളുടെ കൂട്ടായ ശ്രമവും അത്യാവശ്യമാണ്.
മുനീർ കുറുമ്പടി (ചെയർമാൻ മലബാർ റെയിൽവേ യൂസേഴ്സ് ഫോറം)
വന്ദേഭാരതിലൂടെ റെയിൽവേ പുകമറ സൃഷ്ടിക്കുന്നു
കോവിഡിന്റെ മറവിൽ പാസഞ്ചർ നിരക്ക് എടുത്തുകളഞ്ഞതും മുതിർന്ന പൗരന്മാർ അടക്കമുള്ളവരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാത്തതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് റെയിൽവേ പരിഹാരം കാണേണ്ടതുണ്ട്. വന്ദേഭാരതിലൂടെ എല്ലാത്തിനും പുകമറ സൃഷ്ടിക്കുകയാണ് റെയിൽവേ.
രാവിലെ തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസിനെ 10ന് മുമ്പ് എറണാകുളം ജങ്ഷനിൽ എത്തിക്കില്ലെന്ന് വാശിയുള്ളതുപോലെയാണ് റെയിൽവേ പ്രവർത്തനം. ഇതിന് മുമ്പുള്ള പാലരുവി എക്സ്പ്രസിൽ തിരക്ക് അനിയന്ത്രിതമായി വർധിക്കാൻ ഒരുകാരണം വേണാടിന്റെ വൈകിയോട്ടമാണ്. വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ രണ്ട് ട്രെയിനുകൾക്കുമിടയിൽ അടിയന്തരമായി മെമു സർവിസ് ആരംഭിക്കണം.
എറണാകുളം ജങ്ഷനിൽ പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും എണ്ണവും വർധിപ്പിക്കാതെ നടത്തുന്ന വികസനംകൊണ്ട് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 300 കോടിയുടെ കെട്ടിട സമുച്ചയങ്ങൾക്ക് നടുവിൽ വികസനം വീർപ്പുമുട്ടും. മലബാറിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ലഭ്യത വലിയ കഷ്ടമാണ്. വടക്കൻ കേരളത്തിലേക്കുള്ള യാത്രാക്ലേശം വന്ദേഭാരതിലൂടെ റെയിൽവേ മാർക്കറ്റ് ചെയ്യുകയായിരുന്നു. റെയിൽവേ ഇവിടെ ലക്ഷ്യംവെക്കുന്നതും കൊള്ളലാഭം മാത്രമാണ്. വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് അത് സാക്ഷ്യപ്പെടുത്തുന്നു. വന്ദേഭാരതിനെ വിമർശിക്കുന്നതുപോലും കുറ്റമായാണ് വിലയിരുത്തുന്നത്.
അജാസ് വടക്കേടം, (എക്സിക്യൂട്ടിവ് അംഗം, ഫ്രണ്ട്സ് ഓൺ റെയിൽസ്)
സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം
ഇപ്പോഴത്തെ ട്രെയിൻ യാത്ര വാഗൺ ട്രാജഡിയെ ഓർമപ്പെടുത്തുന്നതാണ്. വരുമാനം വർധിപ്പിക്കുന്നതിൽ മാത്രമാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്ദേഭാരത് ഓടിക്കുന്നതും എ.സി കോച്ചുകൾ വർധിപ്പിക്കുന്നതും നല്ല കാര്യമാണ്. എന്നാൽ അതിനുവേണ്ടി സാധാരണക്കാരുടെ ആശ്രയമായ ജനറൽ കമ്പാർട്ട്മെന്റുകൾ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ അഞ്ചിൽനിന്ന് രണ്ടാക്കി ചുരുക്കിയത് സാധാരണക്കാർക്ക് വലിയ പ്രയാസത്തിനിടയാക്കുന്നു. സംസ്ഥാനത്തിന്റെ യാത്രക്കാരുടെ പ്രശ്നങ്ങൾ സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി കേന്ദ്ര റെയിൽ മന്ത്രാലയത്തെ അറിയിക്കണം. ജനപ്രതിനിധികളും ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം. സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. രണ്ടാംഘട്ട ചർച്ച അടുത്ത ദിവസം തന്നെ നടക്കും. ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.
സി.ഇ. ചാക്കുണ്ണി (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ വർക്കിങ് ചെയർമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

