ട്രെയിൻ യാത്ര ദുരിതം; എറണാകുളം യാത്ര പടിവാതിലിൽ തൂങ്ങി
text_fieldsകോട്ടയം: ആഴ്ചയിലെ ആദ്യപ്രവൃത്തി ദിനത്തിൽ പാലരുവി, വേണാട് എക്സ്പ്രസുകളിലെ തിരക്ക് യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. തിങ്ങിഞെരുങ്ങി ശ്വാസം വിടാൻപോലുമാകാതെയാണ് ട്രെയിനുകളിലെ യാത്ര. അപകടകരമാം വിധം പടിവാതിലിൽ തൂങ്ങിയും യാത്ര ചെയ്യേണ്ടി വരുന്നു. പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നര മണിക്കൂറിലേറെ വരുന്ന ഇടവേളയാണ് ഈ റൂട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം.
പാലരുവിയിലെ കോച്ച് വർധന അൽപം ആശ്വാസം പകർന്നെങ്കിലും ഈ റൂട്ടിലെ പ്രശ്നങ്ങൾക്ക് തെല്ലും പരിഹാരമായില്ല. എറണാകുളത്തേക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യട്രെയിനാണ് വേണാട്. തെക്കൻ ജില്ലകളിൽനിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസിൽ മാത്രം ജോലി ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും.
കായംകുളത്തുനിന്ന് വന്ദേഭാരത് കടന്നുപോയ ശേഷം ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയം റെയിൽവേ സ്റ്റേഷനിലെ സൗകര്യം വർധിപ്പിച്ചിട്ടും യാത്രക്കാർക്ക് പ്രയോജനം കിട്ടിയിട്ടില്ല. മെമുവിനായുള്ള പ്രത്യേക പ്ലാറ്റ്ഫോം അടക്കം ആറ് പ്ലാറ്റ്ഫോമുള്ള കോട്ടയത്തുനിന്ന് അടിയന്തരമായി മെമുവോ പാസഞ്ചറോ ആരംഭിച്ചാൽ ഏറെഗുണം ചെയ്യും. രാവിലെ 7.25ന് വന്ദേഭാരത് കടന്നുപോയാൽ പിന്നീടുള്ളത് 8.30ന് വേണാടാണ്.
ഇതിനിടെ രാവിലെ 7.45ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. സാങ്കേതിക തടസ്സം നീങ്ങുന്ന മുറക്ക് കായംകുളം, കൊല്ലം സർവിസ് ദീർഘിപ്പിക്കുകയും ചെയ്താൽ യാത്രക്ലേശം പൂർണമായി പരിഹരിക്കാം.
രാവിലെ കൊല്ലത്തുനിന്ന് എറണാകുളത്തേക്കുള്ള മെമുവിലും വൻതിരക്കാണ്. വേണാട് സൗത്തിലേക്ക് പോകാത്തതിനാൽ അങ്ങോട്ടുള്ള യാത്രക്കാർ പുറപ്പെടുന്ന മെമുവിലേക്ക് മാറി. ഇതോടെ മെമുവിലും നിൽക്കാൻ ഇടമില്ലാതായി. രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് തിരക്കുമൂലം വേണാടിൽ കയറാൻ കഴിയാതെ വാതിലുകൾ മാറിമാറി ഓടി നടക്കുകയായിരുന്നു സ്ത്രീകളടങ്ങുന്ന യാത്രക്കാർ.
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴും ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതെ പലരും പടിവാതിലിൽ തൂങ്ങിനിൽക്കുകയായിരുന്നു. യാത്രക്ലേശം സങ്കീർണമായി തുടരുമ്പോഴും ജനപ്രതിനിധികളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത് കുമാർ അഭിപ്രായപ്പെട്ടു. പലവട്ടം പരാതിപ്പെട്ടിട്ടും യാത്രക്കാരുടെ ജീവന് റെയിൽവേ പുല്ലുവിലയാണ് കൽപിക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടിവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.
പാലരുവിക്കും വേണാടിനും ഇടയിലുള്ള സമയത്ത് കായംകുളത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് ഒരു മെമു അല്ലെങ്കിൽ പാസഞ്ചർ സർവിസ് ആരംഭിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ ലെനിൻ കൈലാസ്, സന്തോഷ് പിറവം, മായ, എം.എസ്. ഷിനു, ലിസമ്മ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

