വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
text_fieldsമാരാരിക്കുളം: ആലപ്പുഴ -എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയഗേറ്റിനു സമീപം ട്രാക്കിലെ വൈദ്യുതി കമ്പിയിലേക്ക് തെങ്ങ് കടപുഴകിവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 7.15നായിരുന്നു അപകടം. ജനശതാബ്ദി, എറണാകുളം പാസഞ്ചർ എന്നിവ ആലപ്പുഴയിലും തീരദേശ പാത വഴിയുള്ള മറ്റ് ട്രെയിനുകൾ കായംകുളത്തും എറണാകുളത്തും ഒരു മണിക്കൂർ പിടിച്ചിട്ടു. തെങ്ങ് വെട്ടി നീക്കിയും വൈദ്യുതി ലൈനിലെ തകരാർ പരിഹരിച്ചുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പാതിരപ്പള്ളിയിൽ രാവിലെ എത്തുന്ന ആലപ്പി -ധൻബാദ്, ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസുകൾ കടന്നുപോയതിന് ശേഷമായിരുന്നു സംഭവം. വൈദ്യുതി കമ്പിയിലേക്ക് വീണ തെങ്ങിന് തീപിടിക്കുകയായിരുന്നു. ഗേറ്റ് കീപ്പർ വിവരം അറിയിച്ചതിനെ തുടർന്ന് ഇലക്ട്രിക് എൻജിനീയറിങ് വിഭാഗങ്ങളും റെയിൽവേ പൊലീസും സംഭവസ്ഥലത്ത് എത്തി. നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ റെയിൽവേ ഗേറ്റുകൾ അടച്ചതുമൂലം റോഡ് ഗതാഗതവും തിരിച്ചുവിട്ടു. സംഭവത്തെ തുടർന്ന് അപകടകരമാകുന്ന വൃക്ഷങ്ങൾ മുറിച്ചു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

