‘കുടുങ്ങിയവർ’ നാടുപിടിച്ചു; പ്രത്യേക ട്രെയിനുകൾ കാലിയാവുന്നു
text_fieldsതൃശൂർ: ലോക്ഡൗണിൽ സ്വന്തം നാടിന് പുറത്ത് കുടുങ്ങിയവരുടെ യാത്ര അവസാനിക്കുന്നു. ഇതോടെ പ്രത്യേക ട്രെയിനുകൾ കാലിയാവുകയാണ്. അടച്ചുപൂട്ടലിനെ തുടർന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും മടങ്ങിയെന്നാണ് പ്രത്യേക ട്രെയിനുകളിലെ റിസർവേഷൻ നില സൂചിപ്പിക്കുന്നത്.
കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി എന്നീ പ്രത്യേക ട്രെയിനുകളിൽ വളരെക്കുറച്ച് പേരാണ് ഇപ്പോൾ എത്തുന്നത്. മിക്ക സീറ്റും ഒഴിവാണ്. തിരിച്ച് മംഗളയിൽ മാത്രം ഏതാനും ദിവസത്തേക്ക് കൂടി അന്തർ സംസ്ഥാന തൊഴിലാളികളുടെ തിരക്കുണ്ടാകും.
രണ്ടാഴ്ചക്കുശേഷമുള്ള യാത്രക്ക് ആളില്ല. കേരളത്തിന് പുറത്തേക്ക് മറ്റു ട്രെയിനുകളിൽ ഇപ്പോൾത്തന്നെ യാത്രക്കാരില്ല. സംസ്ഥാനത്ത് സർവിസ് നടത്തുന്ന രണ്ടു ജനശതാബ്ദികളും വേണാടും ആദ്യദിനം മുതൽ കാലിയാണ്. ഈ സാഹചര്യത്തിൽ നിലവിലെ സർവിസുകൾ തുടരുന്നത് അനിശ്ചിതത്വത്തിലാണ്.
തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകൾ പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സർവിസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രികർ. തിരുവനന്തപുരം-കൊല്ലം, കൊല്ലം-എറണാകുളം, എറണാകുളം-പാലക്കാട്, എറണാകുളം-കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കോഴിക്കോട്-കാസർകോട് എന്നിങ്ങനെ തമിഴ്നാട് മാതൃകയിൽ സംസ്ഥാനത്തെ പല മേഖലകളാക്കി തിരിച്ച് രാവിലെയും വൈകീട്ടും ഹ്രസ്വദൂര സർവിസ് നടത്തിയാൽ പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പൊതുവാഹനങ്ങൾ ഇല്ലാത്തതിനാൽ നിലവിൽ ഏറെ പണം ചെലവഴിച്ചാണ് ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ ജോലിക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
