ട്രെയിൻ വൈകൽ: എം.പിമാർ പ്രതിഷേധിച്ചു; നിരീക്ഷണമൊരുക്കുമെന്ന് റെയിൽവേ
text_fieldsതിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനവും പദ്ധതികളും ചർച്ച ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ വിളിച്ച യോഗത്തിൽ ട്രെയിനുകളുടെ വൈകിയോട്ടത്തിനും അശാസ്ത്രീയ സമയപ്പട്ടികക്കുമെതിരെ എം.പിമാരുടെ രൂക്ഷ പ്രതിഷേധവും ബഹളവും. റെയിൽവേ നിലപാടിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഇറങ്ങിപ്പോയി.
കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമം നിരീക്ഷിക്കാൻ െചന്നൈ കേന്ദ്രീകരിച്ച് ചീഫ് ഒാപറേറ്റിങ് മാനേജറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമേർപ്പെടുത്തുമെന്ന് റെയിൽേവയുടെ ഉറപ്പ്്. അതേസമയം, ദിവസേനയുള്ള െട്രയിനുകൾ വ്യാഴാഴ്ച മുതല്‍ അഞ്ച് മിനിറ്റിൽ കൂടുതൽ വൈകില്ലെന്ന് ജനറൽ മാനേജർ ഉറപ്പുനൽകിയതായി യോഗശേഷം എം.പിമാർ പറഞ്ഞു. എന്നാൽ, ഉറപ്പുനൽകിയിട്ടില്ലെന്ന് റെയിൽവേ വിശദീകരിച്ചു. റെയിൽവേയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. വേണാട്, വഞ്ചിനാട്, മലബാർ, ഇൻറർസിറ്റി, മാവേലി ഉൾപ്പെടെ ട്രെയിനുകൾ കൃത്യസമയം പാലിക്കുമെന്ന ഉറപ്പ് ലഭിച്ചതായും എം.പിമാർ പറഞ്ഞു.
യോഗം തുടങ്ങി അജണ്ടയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിടെ, ട്രെയിൻ വൈകൽ ചർച്ച ചെയ്തശേഷം മതി മറ്റ് അജണ്ടകളെന്ന് ആവശ്യപ്പെട്ട് എം.പിമാർ പ്രതിഷേധിച്ചു. അധികൃതർ വഴങ്ങാത്തതിനെതുടർന്നാണ് കൊടിക്കുന്നിൽ സുേരഷ് ഇറങ്ങിപ്പോയത്. ഒടുവിൽ, അധികൃതർ വഴങ്ങി. വിഷയത്തിൽ ഒന്നരമണിക്കൂർ ചർച്ച നടന്നു. പുതിയ സമയപ്പട്ടികക്കുശേഷം ഒാരോ ട്രെയിനും വൈകിയെത്തുന്ന സമയമടക്കം ചൂണ്ടിക്കാട്ടിയാണ് എം.പിമാർ സംസാരിച്ചത്. ഇതോടെയാണ് പരിഹരിക്കാമെന്നുള്ള റെയിൽവേയുടെ ഉറപ്പുണ്ടായത്.
ആദ്യം പ്രളയം, പിന്നെ അറ്റകുറ്റപ്പണി... ഉരുണ്ടുകളിച്ച് റെയിൽവേ
ട്രെയിൻ വൈകലിനും റദ്ദാക്കലിനും കൃത്യമായ കാരണം പറയാതെ യോഗത്തിൽ ഉരുണ്ടുകളിക്കുകയായിരുന്നു റെയിൽവേ അധികൃതർ. പ്രളയമാണ് വൈകലിന് കാരണമെന്ന് ആദ്യം വിശദീകരിച്ചെങ്കിലും ചർച്ച മുറുകിയതോടെ അറ്റകുറ്റപ്പണി മൂലമാണെന്ന് തിരുത്തി. ആദ്യ പരിഗണന സുരക്ഷക്കാണെന്നും രണ്ടാമതേ സമയകൃത്യതയുള്ളൂവെന്നുമായിരുന്നു വിശദീകരണം. ലോക്കോ പൈലറ്റുകളുടെ ക്ഷാമം കാരണമാണോ എന്നാരാഞ്ഞപ്പോൾ മറുപടിയുണ്ടായില്ല. തുടർന്ന് ട്രെയിനുകളുടെ അകാരണമായ റദ്ദാക്കൽ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആര്.കെ. കുല്‍ശ്രേഷ്ഠ വ്യക്തമാക്കി. റദ്ദാക്കിയ പാസഞ്ചര്‍ െട്രയിനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഉറപ്പുനല്‍കി.
കണക്ഷൻ ട്രെയിൻ നഷ്ടപ്പെടുംവിധം അശാസ്ത്രീയമായി തയാറാക്കിയ സമയപ്പട്ടിക മാറ്റണമെന്ന് ശക്തമായ ആവശ്യമുയർന്നെങ്കിലും രണ്ടുമാസം കാത്തിരിക്കണമെന്ന് റെയിൽവേ. ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും നടക്കുകയാണ്. മണിക്കൂറിൽ 30 കിലോമീറ്ററാണ് ഇവിടെ വേഗം. ഇൗ േജാലി പൂർത്തിയാകുന്ന മുറയ്ക്കേ സമയപ്പട്ടിക പരിഷ്കരിക്കാനാവൂ എന്നായിരുന്നു റെയിൽവേയുടെ നിലപാട്.
റെയിൽവേയുടെ ഉറപ്പ്
- 97 മേൽപ്പാലങ്ങൾക്ക് അനുമതിയായി, 12 എണ്ണം ഈ വർഷം പൂർത്തിയാക്കും
- തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് 689 കോടി രൂപ
- കോട്ടയം സ്റ്റേഷൻ വികസനത്തിന് 20.2 കോടി
- ചങ്ങനാശ്ശേരി-ചിങ്ങവനം, കുറുപ്പന്തറ-ഏറ്റുമാനൂർ, മംഗലാപുരം-പനമ്പൂർ പാത ഇരട്ടിപ്പിക്കൽ മാർച്ചിനുള്ളിൽ പൂർത്തിയാക്കും.
- ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾ നിർമിക്കും.
- നേമത്ത് 73 കോടി രൂപ ചെലവിട്ട് പുതിയ കോച്ച് ടെർമിനൽ ഈ വർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
