ട്രെയിൻ യാത്രക്കിെട അമ്മയെയും മകളെയും ബോധം കെടുത്തി സ്വർണവും പണവും കവർന്നു
text_fieldsകോട്ടയം: ട്രെയിൻ യാത്രക്കിടെ അമ്മക്കും മകൾക്കും ചായ നൽകി ബോധം കെടുത്തിയശേഷം എട്ടര പവൻ സ്വർണവും പണവും കവർന്നു. ട്രെയിൻ യാത്രക്കാരായ മൂവാറ്റുപുഴ അഞ്ചൽെപട്ടി നെല്ലിക്കുന്നേൽ സെബാസ്റ്റ്യെൻറ ഭാര്യ ഷീല സെബാസ്റ്റ്യൻ (58), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (20) എന്നിവരാണ് വൻ കവർച്ചക്കിരയായത്. ഇരുവരുടെയും എട്ടര പവൻ സ്വർണം, മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയെല്ലാം നഷ്ടമായി. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
സെക്കന്തബാദിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ മകൾ ചിക്കു ഐ.ഇ.എൽ.ടി.എസിന് പഠിക്കുകയാണ്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരും യാത്രപുറപ്പെട്ടത്. വെള്ളിയാഴ്‌ച വൈകീട്ട് ശബരി എക്സ്പ്രസിെൻറ് എസ് 8 കമ്പാർട്ട്മെൻറിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കെറ്റടുത്തത്. തൊട്ടടുത്ത സീറ്റുകളിൽ ഇതര സംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴിനൽകി.
വെള്ളിയാഴ്‌ച വൈകീട്ടും ശനിയാഴ്ച രാവിലെയും ഇതര സംസ്ഥാനസംഘം അമ്മക്കും മകൾക്കും ട്രെയിനിൽനിന്ന് ചായ വാങ്ങിനൽകിയിരുന്നു. ട്രെയിൻ സേലത്തുനിന്ന് പുറപ്പെട്ടശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങിനൽകിയത്. ചായകുടിച്ച് അൽപസമയത്തിനുശേഷം ഇരുവരും അബോധാവസ്ഥയിലായി.
ശനിയാഴ്ച വൈകീട്ട് ട്രെയിൻ കോട്ടയം സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടി.ടി.ഇ ആണ് കണ്ടത്. തുടർന്ന് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബോധം തിരികെലഭിച്ച ഇരുവരുടെയും മൊഴിയെടുത്തതോടെയാണ് സ്വർണവും മൊബൈൽ ഫോണും പണവും ഉൾപ്പെടെ നഷ്ടമായെന്ന് കണ്ടെത്തിയത്. ഷീലയുടെ സ്വർണമാല, വള, മോതിരം എന്നിവയും മകളുടെ ഒന്നര പവൻ വരുന്ന മാലയും പാദസരങ്ങളുമാണ് നഷ്‌ടമായത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
