നാല് വയസുകാരന്റെ ദാരുണ മരണം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsപത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ അഭിരാമിന്റെ ജീവനെടുത്ത അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്. അപകടത്തില്‍ കോന്നി ഇക്കോ ടൂറിസത്തിന് കീഴിലെ വനംവകുപ്പ് ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകൾ സ്ഥലത്ത് നിലനിർത്തിയതാണ് അപകടത്തിന് കാരണമായത്.
അതേസമയം, സംഭവത്തില്‍ കർശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പത്ത് വർഷത്തിലധികം പഴക്കമുള്ള കോൺക്രീറ്റ് തൂണുകൾ നടപ്പാതയോട് ചേർന്ന് നിലനിർത്തി. നാല് വയസുകാരൻ ചുറ്റിപ്പിടിച്ചപ്പോൾ തന്നെ താഴെവീഴുന്ന അവസ്ഥയിലായിരുന്നു തൂൺ.
അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമൽഹാർ തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും. കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിശ്ചിത ഇടവേളകളിൽ ആനത്താവളത്തിൽ സുരക്ഷ പരിശോധന നടത്തണമെങ്കിലും അതുണ്ടായിട്ടില്ല.
സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ആനക്കൂട് കാണാനെത്തിയ അജി - ശാരി ദമ്പതികളുടെ ഏകമകൻ അഭിരാമാണ് കോൺക്രീറ്റ് തൂണ് ഇളകി വീണുണ്ടായ അപകടത്തിൽ ഇന്നലെ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.