ട്രാഫിക് നിയമം; സ്വകാര്യബസുകാർക്ക് ബാധകമല്ലേ..?
text_fieldsകഴിഞ്ഞ ദിവസം പാളയത്ത് അമിത വേഗതയിൽ ഓടിയ സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ തെറിച്ചുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ
കോഴിക്കോട്: സ്വകാര്യബസുകളുടെ മരണപ്പാച്ചിലിന് നഗരത്തിനുള്ളിൽ പോലും കുറവില്ല. ട്രാഫിക് നിയമലംഘനങ്ങൾക്തെിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസും വകുപ്പ് മന്ത്രിയു പ്രഖ്യാപിക്കുമ്പോഴും നഗരത്തിൽ സ്വകാര്യബസുകൾ നിയമലംഘനം തുടരുകയാണ്. ഏറ്റവും പ്രധാനം ജനത്തിരക്കുള്ള മേഖലകളിലും ബസ് സ്റ്റാന്റിനകത്തും ബസുകളുടെ അമിതവേഗതയാണ്.
കഴിഞ്ഞ ദിവസം പാളയത്ത് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത് അമിതവേഗതയിൽ വന്ന ബസാണ്. പാളയം ബസ്‍സ്റ്റാന്റിനടുത്ത് തന്നെയായിരുന്നു അപകടം. സ്റ്റാന്റിൽ നിന്നിറങ്ങിയ ബസ് കുതിച്ചുപായുന്നതിനിടയിൽ വഴിയരികിൽ നിന്ന മലപ്പുറം സ്വദേശിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റയാൾ അത്യാസന്നനിലയിലാണ്. അപകടമുണ്ടാക്കിയ ബസ് കുറെ ദൂരം മുന്നോട്ട് പോയാണ് നിർത്തിയത്. അത്രക്കും വേഗതയായിരുന്നു ബസിന്.
പാളയം പച്ചക്കറിമാർക്കറ്റിന് സമീപം വൈകുന്നേരം 5.45നാണ് അപകടമുണ്ടായത്. റോഡിൽ കാൽനടയാത്രക്കാരുടെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും യാതൊരു ശ്രദ്ധയുമില്ലാതെ അമിതവേഗതയിൽ ഓടിയ ബസാണ് അപകടുണ്ടാക്കിയത്. മാനാഞ്ചിറ സ്ക്വയറിനടുത്ത് പട്ടാളപ്പള്ളിക്ക് മുന്നിൽ അമിതവേഗതയിലാണ് ബസുകൾ പായുന്നത്. ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ബസുകൾ പരിഗണിക്കുന്നില്ല. ഇതു കൂടാതെയാണ് ഹോണടിച്ച് മറ്റുവാഹനങ്ങളെ പേടിപ്പിക്കൽ.
എത്ര വലിയ ഗാതഗതതടസ്സത്തിനിടയിലും സ്വകാര്യബസുകളുടെ ഹോൺ മുഴക്കൽ അസഹനീയമാണ്. സിഗ്നൽ പോയിൻറുകളിൽ കാത്തു നിൽക്കുമ്പോൾ പോലും എന്തിനാണ് ഹോണടിക്കുന്നത് എന്ന് ആർക്കുമറിയില്ല. മുന്നിലുള്ള ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടാൻ വരെ ഇത് കാരണമാവുന്നു.
സിഗ്നലുകളിൽ ‘ലെഫ്റ്റ് ഫ്രീ’ നിയമം ഏറ്റവും കൂടുതൽ ലംഘിക്കുന്നത് സ്വകാര്യബസുകൾ ആണ്. എരഞ്ഞിപ്പാലം, നന്തിലത്ത് ജങ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ പൊയിന്റുകളിൽ സ്വകാര്യബുസുകളുടെ നിയമലംഘനം പതിവാണ്. ഇതുകൂടാതെയാണ് സ്വകാര്യബസുകാരുടെ റോഡിന് നടുവിലെ തമ്മിലടി. സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റോഡിന് കുറുകെയിട്ട് ഗതാഗതം തടഞ്ഞ സംഭവം അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്. കലക്ടർ ഇടപെട്ട് ബസുകാർക്കെതിരെ നടപടി എടുപ്പിക്കേണ്ടി വന്നു. ബസുകളിലെ ‘സംഗീതവിരുന്നും’ അരോചകമാണ് എന്ന് യാത്രക്കാർക്ക് പരാതിയുണ്ട്. പല ബസുകളിലും യാതൊരു ഔചിത്യബോധവുമില്ലാതെയാണ് ഉച്ചത്തിലുള്ള പാട്ട്.

