മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; വീട്ടമ്മ ആംബുലൻസിൽ മരിച്ചു
text_fieldsഅടിമാലി: ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ചികിത്സ കിട്ടാതെ വീട്ടമ്മ ആംബുലൻസിൽ മരിച്ചു. അടിമാലി മന്നാങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ബീവിയാണ് (57) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ ആറാം മൈലിനു സമീപമാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ കഴിഞ്ഞ ബീവിയുടെ രക്തസമ്മർദം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതോടെ താഴ്ന്നു.
ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ വിദഗ്ധ ചികിത്സ നിർദേശിച്ചു. ബന്ധുക്കൾ വീട്ടമ്മയുമായി ആബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു. വാളറ മൂന്നുകലുങ്കിനു സമീപത്ത് എത്തിയപ്പോൾ ആംബുലൻസിനു മുന്നിൽ വലിയ മരം കടപുഴകി. ഇതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായി നിലച്ചു. 15 മിനിറ്റ് നേരം അംബുലൻസ് റോഡിൽ കുടുങ്ങി. അതിനിടെ രക്തസമ്മർദം കുറഞ്ഞ വീട്ടമ്മ ആംബുലൻസിൽ മരിക്കുകയായിരുന്നു.

