കുപ്പായം തുന്നാൻ ആളില്ലാത്ത ഓണക്കാലത്ത്
text_fieldsപാണ്ടിക്കോട് ഗംഗാധരൻ തയ്യൽ ജോലിയിൽ
നന്മണ്ട: അഞ്ചര പതിറ്റാണ്ടുമുമ്പ് തയ്യൽവേല തുടങ്ങിയ ഗംഗാധരന്റെ മനസ്സ് നോവുകയാണ്. ഓണം, വിഷു, പെരുന്നാൾ ഉത്സവകാലങ്ങൾ വരുന്നതിന് മുമ്പുതന്നെ തുണി വാങ്ങി തയ്ക്കാൻ തയ്യൽക്കാരനെയും തയ്യൽകടയും അന്വേഷിച്ചെത്തുന്നവരെക്കൊണ്ട് നിറഞ്ഞുനിന്ന കാലം. റെഡിമെയ്ഡ്, ഓൺലൈൻ വിപണി കൊഴുത്തതോടെ പണിമുട്ടിയ പരമ്പരാഗത tailorsപ്രതിനിധിയാണ് അദ്ദേഹം. പഴയകാലത്ത് എറ്റവുമധികം തുന്നൽക്കാരുള്ള മേഖലയായിരുന്നു നന്മണ്ട.
പാണ്ടിക്കോട് ഗംഗാധരൻ തിരുവോണക്കാലത്തും പരിഭവങ്ങളുടെ ഇഴകളാണ് കോർത്തിണക്കുന്നത്. തുണിക്കടയുടെ കോലായിൽനിന്ന് തുടങ്ങിയ തയ്യൽ പണി ഫാഷൻ ഭ്രമത്തിന്റെയും ഓൺലൈൻ കച്ചവടത്തിന്റെയും പിടിയിലായതോടെ വീടിന്റെ അകത്തളത്തിൽ തളച്ചിടേണ്ടി വന്നുവെന്നതാണ് മിക്കവാറും പാരമ്പര്യ തയ്യൽക്കാരുടെ തലവിധി. വൻകിട കുത്തക കമ്പനികളുടെ ഔട്ട് ലെറ്റുകൾ ഗ്രാമപ്രദേശങ്ങളിൽപോലും സജീവമായത് വയറ്റത്തടിയായി മാറി. തയ്യൽക്കാരന് പ്രായമാകുമ്പോൾ ഗുണഭോക്താക്കൾ കുറയുന്നതും തൊഴിലിന് മാന്ദ്യത വരുത്തി. പുതു തലമുറക്കാരായ തയ്യൽക്കാരെ തേടിയിറങ്ങുന്നവർ തന്നെ അപൂർവമായേ തുണികൾ തയ്പിക്കുന്നുള്ളൂ.
മുൻകാലങ്ങളിൽ തുണിഷോപ്പും തയ്യൽക്കാരനും നാടിന്റെ മുഖമുദ്രയായിരുന്നുവെങ്കിൽ അതെല്ലാം വിസ്മൃതിയിലാണ്. പഴയകാലത്ത് വിവാഹം ഉറപ്പിച്ചുകഴിഞ്ഞാൽ തയ്യൽക്കാരനെയും കൂട്ടിയായിരുന്നു വസ്ത്രശാലയിൽ തുണിയെടുക്കാൻ പോവാറ്. ഇപ്പോൾ അതും നിലച്ചു. രാഷ്ട്രീയ ചർച്ചകൾ മാത്രമല്ല വായനയുടെ ലോകം തുറന്നു വിടുന്നതും തയ്യൽക്കടകളിൽ നിന്നായിരുന്നു. പഴയ തലമുറയിൽപ്പെട്ട തയ്യൽ തൊഴിലാളികൾ ജോലിയില്ലാതായതോടെ മറ്റ് മേഖലകൾ തേടിപ്പോവുകയാണ്. പ്രായമുള്ള തയ്യൽക്കാരനെ ആർക്കും വേണ്ട എന്നതാണ് അവസ്ഥ. ഉത്സവ സീസണായാൽ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടിലൊന്നായ കൊടി അടിക്കുന്നതാണ് ഇവർക്ക് ആകെ കിട്ടുന്ന തൊഴിൽ. ചില തയ്യൽക്കാരാവട്ടെ കിടക്കക്ക് തുണിയടിക്കാനും പോകുന്നുണ്ടെങ്കിലും അവിടെയും കിട മത്സരം നിലനിൽക്കുന്നു. റെഡിമെയ്ഡ് കിടക്കകളും തിരിച്ചടിയാകുന്നു. ഉന്നക്കിടക്കകളാവട്ടെ വിസ്മൃതിയിലായ കാഴ്ചയാണ് കാണാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

