ഇരു മുന്നണികളും അവഗണിക്കുന്നുവെന്ന്; നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് വ്യാപാരികൾ
text_fieldsനിലമ്പൂർ: വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യാപാരികൾ. ഇരു മുന്നണികളും വ്യാപാരികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് മത്സരംഗത്തു വരുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
നിലവിൽ എൽ.ഡി.എഫ് എം. സ്വരാജിനേയും യു.ഡി.എഫ് ആര്യാടൻ ഷൗക്കത്തിനെയും രംഗത്തിറക്കിയിട്ടുണ്ട്. ഇരു മുന്നണികളും പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണയിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി പറഞ്ഞു.
സംഘടന വോട്ട് ബാങ്ക് ആണെന്ന് തെളിയിച്ചാൽ മാത്രമേ പരിഗണന ലഭിക്കൂ എന്ന വിലയിരുത്തലാണ് മത്സര രംഗത്തെക്കിറങ്ങാൻ കാരണം. മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കയാണ്.
ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനം എടുക്കും. വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് എന്നിവരിൽ ആരെങ്കിലും ആയിരിക്കും സ്ഥാനാർഥി. നിലമ്പൂരിൽ 6000 അംഗങ്ങൾ സംഘടനക്കുണ്ടെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്. പരമാവധി വോട്ട് സമാഹരിച്ച് ഇരു മുന്നണികളുടെയും ജയപരാജയങ്ങളെ സ്വാധീനിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

