കോഴിമുട്ടക്ക് കേട്ടുകേൾവിയില്ലാത്ത വില, ഇനിയും കൂടുമെന്ന് വ്യാപാരികൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുത്തനെ ഉയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുട്ട വില കുതിച്ചുയർന്നത്. ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടക്ക് ഡിമാൻഡ് കൂടിയതോടെയാണ് കേരളത്തിലും മുട്ട വില കുതിച്ചുയർന്നത്.
മാർക്കറ്റിലെ മൊത്തക്കച്ചവട നിരക്ക് തന്നെ ഏഴു രൂപയിൽ കൂടുതലായതോടെ ഉപഭോക്താക്കൾക്ക് ഒരു മുട്ടക്ക് എട്ട് രൂപയെങ്കിലും കൊടുക്കേണ്ട അവസ്ഥയാണ്. ചിലയിടത്ത് പത്ത് രൂപ വരെ ഈടാക്കുന്നതായും പരാതിയുണ്ട്.
ശൈത്യകാലത്ത് മുട്ടക്ക് പൊതുവേ വൻ ഡിമാൻഡാണ്. കേരളത്തിലും മുട്ടയുടെ ഉപയോഗം കൂടിയെന്നാണ് കണക്ക്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉല്പാദന കേന്ദ്രമായ നാമക്കല്ലിൽ ഉണ്ടായ പക്ഷിപ്പനിയാണ് മുട്ട വില ഉയരാൻ കാരണമായിരിക്കുന്നത്. കേരളത്തിലെ മാർക്കറ്റുകളിലും നാമക്കല്ലിൽ നിന്നുള്ള മുട്ടയാണ് കൂടുതലായും എത്തുന്നത്. പക്ഷിപ്പനിയെ തുടർന്ന് മുട്ടയുടെ കയറ്റുമതി കുറഞ്ഞതോടെ വിലയും കത്തി കയറുകയായിരുന്നു. നാമക്കലിൽ 6.40 രൂപയാണ് മുട്ട വില. കേരളത്തിൽ എത്തുമ്പോൾ 6.90 ആകും.7.10 രൂപ മുതൽ 7.30 രൂപ വരെയാണ് മൊത്തക്കച്ചവട നിരക്ക്.
നാമക്കല്ലിൽ നിന്നും ലോഡ് കണക്കിന് കോഴിമുട്ടകളാണ് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി പോകുന്നത്. ലഭ്യതക്കുറവും കയറ്റുമതിയുമാണ് കേരളത്തിലെ വിപണിയെ ബാധിക്കുന്നത്. സാധാരണ നവംബര്‍, ഡിസംബര്‍ മാസത്തില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില കുറയാറാണ് പതിവ്. എന്നാല്‍, ഡിസംബറിൽ കേക്ക് നിര്‍മാണം സജീവമാകുന്നതോടെ മുട്ടയുടെ വില വർധിക്കുന്നത് പതിവാണ്. എന്നാൽ മുട്ടവില ഇത്രയധികം കൂടുന്നത് ഇത് ആദ്യമാണ്.
ക്രിസ്മസ്, ന്യൂയർ കഴിഞ്ഞതോടെ മുട്ട കിട്ടാനില്ലെന്നാണ് പരാതി. ഫെബ്രുവരി പകുതിയോടെ മുട്ട വില കുറയും എന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളത്. വില കൂടിയാലും കോഴി മുട്ടക്ക് വൻ ഡിമാൻഡാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

