സംഘടനകളെ തള്ളി വ്യാപാരികൾ; റേഷൻ കടകൾ തുറന്നു
text_fieldsതിരുവനന്തപുരം: ദേശീയ പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന സർക്കാർ നിർദേശം അനുസരിച്ച് വ്യാപാരികൾ. കടകൾ അടച്ചിടണമെന്ന സംഘടനകളുടെ നിർദേശം തള്ളി, സംസ്ഥാനത്തെ 13,999 റേഷൻ കടകളിൽ 10,028 എണ്ണവും ഞായറാഴ്ച തുറന്നു. ഇതോടെ സർക്കാറിനെയും ഭക്ഷ്യവകുപ്പിനെയും വെല്ലുവിളിച്ച ഓൾ കേരള റിെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും വെട്ടിലായി.
പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്നായിരുന്നു ഭക്ഷ്യവകുപ്പ് നിർദേശം. എന്നാൽ, പണിമുടക്കിൽ റേഷൻ വ്യാപാരികൾ പങ്കാളികളല്ലാത്തതിനാൽ പണിമുടക്ക് ദിനമായ 28, 29 തീയതികളിൽ കടകൾ തുറക്കുമെന്നും പകരം പൊതുഅവധി ദിനമായ 27ന് കടകൾ അടച്ചിടുമെന്നുമായിരുന്നു സംയുക്ത റേഷൻ സംഘടന നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, അജിത്കമാർ, ഇ. അബൂബക്കർ എന്നിവർ സർക്കാറിനെ അറിയിച്ചത്. പക്ഷേ സംഘടനാ നേതാക്കളുടെ വാക്കുകൾ തള്ളി ഉച്ചവരെ 6250 ഓളം റേഷൻ കട തുറന്നു. ഇതോടെ ഉച്ചക്ക് ശേഷം മറ്റുള്ളവരും തുറന്നു. സർക്കാർ ഉത്തരവ് ലംഘിച്ച് കടകൾ തുറക്കാത്ത വ്യാപാരികളോട് വിശദീകരണം തേടാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികളെ വീടുകളിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് കടകൾ തുറപ്പിച്ചതെന്ന് ഓൾ കേരള റിെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ പറഞ്ഞു. ഞായറാഴ്ച കട തുറന്നില്ലെങ്കിൽ പിന്നീട് കട തുറപ്പിക്കില്ലെന്നായിരുന്നു ഭീഷണി. ഭീഷണികളെ അതിജീവിച്ച് പൂർണമായി കടകൾ അടച്ചിട്ട നാലായിരത്തോളം വ്യാപാരികളെ അഭിനന്ദിക്കുന്നതായും ഇവർക്കെതിരെ പ്രതികാരനടപടിക്ക് ഒരുങ്ങിയാൽ നിയമപരമായി നേരിടുമെന്നും ജോണി നെല്ലൂർ 'മാധ്യമ'ത്തോട് പറഞ്ഞു.