
വൈദ്യുതി വർധനയിൽ നിന്ന് പിന്തിരിയണമെന്ന് ട്രേഡ് യൂനിയനുകൾ
text_fieldsതിരുവനന്തപുരം: അഞ്ചുവർഷം തുടർച്ചയായി വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള നീക്കം വ്യവസായശാലകളെ പ്രതിസന്ധിയിലാക്കുമെന്നും നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും സ്റ്റാൻഡിങ് കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് ആവശ്യപ്പെട്ടു. 2023ൽ 2852.58 കോടിയും 2024 ൽ 4029.19 കോടിയും 2025 ൽ 4180 കോടിയും 2026 ൽ 4666.64 കോടിയും 2027ൽ 5179.29 കോടിയും നഷ്ടം വരുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
ഇത്തരം ഭീമമായ നഷ്ടം വൻ നിരക്ക് വർധനയിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. വൈദ്യുതി ബോർഡിന്റെ ആവശ്യം അംഗീകരിച്ചാൽ സർക്കാർ വ്യവസായ വികസനത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് അവർ വിലയിരുത്തി.
നിലവിലെ ഇ.എച്ച്.ടി വ്യവസായശാലകളെല്ലാം പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി വരും. വൻകിട സ്ഥാപനങ്ങളുടെ ഉൽപാദനച്ചെലവ് 40 ശതമാനം മുതൽ 68 ശതമാനം വരെ ഉയരുന്ന പശ്ചാത്തലത്തിൽ വ്യവസായ ഉൽപാദന മേഖലയിലെ മേൽത്തരം വ്യവസായ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരും. തൊഴിലാളികളുടെ വരുമാനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധി ക്കും.
വൈദ്യുതി ബോർഡിന്റെ കണക്കുകളിൽ വസ്തുതകൾക്ക് നിരക്കാത്തത് കമീഷൻ പരിശോധിക്കണം. വൻകിട ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ താരിഫ് ക്രമീകരണം നടപ്പാക്കേണ്ടതിന് പകരം വ്യവസായങ്ങളെ കേരളത്തിൽ നിന്ന് ഓടിക്കാൻ ഇടവരുത്തുന്ന താരിഫ് പരിഷ്കരണത്തിന് കമീഷൻ അനുവാദം നൽകരുതെന്നും അവർ അഭിപ്രായപ്പെട്ടു.
ഏപ്രിലിൽ റെഗുലേറ്ററി കമീഷന്റെ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി സംഘടനാപ്രതിനിധികൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
