സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകൾ തീർഥാടകർക്ക് ഭീഷണിയാകരുത് –ഹൈകോടതി
text_fieldsകൊച്ചി: പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകൾ തീർഥാടകർക്ക് ഭീഷണിയാകരുതെന്ന് ഹൈകോടതി. ഇക്കാര്യം ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഒാഫിസറും പത്തനംതിട്ട ഡിവൈ. എസ്.പിയും സന്നിധാനത്തെയും പമ്പയിലെയും സി.ഐമാരും ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കച്ചവടക്കാർക്ക് സാധനങ്ങൾ കൊണ്ടുപോകാൻ രാത്രി 12 മുതൽ പുലർച്ച മൂന്നുവരെ ട്രാക്ടർ ഉപയോഗിക്കാനാണ് ഹൈകോടതിയുടെ മുൻ ഉത്തരവ് പ്രകാരം അനുമതിയുള്ളത്. അടിയന്തര സാഹചര്യത്തിൽ മാത്രം ദേവസ്വം ബോർഡിെൻറ ചരക്ക് നീക്കത്തിനായി ഉച്ചക്ക് 12 മുതൽ വൈകുന്നേരം മൂന്നുവരെ കാനനപാതയിൽ ട്രാക്ടർ ഉപയോഗിക്കാം. ഈ നിർദേശം കർശനമായി പാലിക്കണമെന്നും പുതിയ ഉത്തരവിൽ കോടതി നിർദേശിച്ചു. കാനനപാതയിലൂടെ അശ്രദ്ധമായി ട്രാക്ടറുകൾ ഒാടിക്കുന്നത് സംബന്ധിച്ച ഭക്തെൻറ പരാതി സ്വമേധയ ഹരജിയായി പരിഗണിച്ചാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.
പകൽ സമയങ്ങളിൽ ശബരിമല സ്പെഷൽ കമീഷണറുടെ അനുമതിയോടെ ട്രാക്ടറുകളിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാവൂവെന്ന് കോടതി വ്യക്തമാക്കി. തീർഥാടകർ, പൊലീസ് ഉദ്യോഗസ്ഥർ, ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ട്രാക്ടറുകളിൽ കയറ്റി കൊണ്ടുപോകരുത്.
കാനനപാതയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ നിർദേശം നടപ്പാക്കി ഡിസംബർ 31നകം റിപ്പോർട്ട് നൽകാൻ ശബരിമല സ്പെഷൽ കമീഷണർക്ക് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

