നിലമ്പൂര്‍ ഫലം കേരള രാഷ്ട്രീയത്തെ ബാധിക്കുമെന്ന് ടി.പി. രാമകൃഷ്ണന്
text_fieldsകോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തെ ബാധിക്കുമെന്നും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് എം.എല്‍.എ. ഇടതുപക്ഷ മുന്നണി വിപുലമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുന്നണിയുടെ അടിത്തറ ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും ഭരണത്തിന്റെയും വിലയിരുത്തലാവും.
എം. സ്വരാജിന് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലുള്ളത്. എല്‍.ഡി.എഫിനെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫും ബി.ജെ.പിയും പി.വി. അന്‍വറും രംഗത്തിറങ്ങിയത്. ഇടതുമുന്നണിയെ സംബന്ധിച്ച് അൻവർ അടഞ്ഞ അധ്യായമാണ്. യു.ഡി.എഫില്‍ പ്രവേശനം നൽകുമെന്ന് പറഞ്ഞ് അവര്‍ അന്‍വറിനെ വഞ്ചിച്ചു. അന്‍വറിനെ മനസ്സിലാക്കാന്‍ സി.പി.എം വൈകിപ്പോയോ എന്ന് ചോദിച്ചപ്പോൾ അന്‍വര്‍ എല്‍.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ കൂട്ടുനിന്നിരുന്നില്ലെന്നായിരുന്നു മറുപടി.
പെൻഷൻ കൈക്കൂലിയെന്ന കെ.സി. വേണുഗോപാലിന്റെ പരാമർശം ദുഃഖകരമാണ്. വേണുഗോപാലിന്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രം ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും പെന്ഷന് മുടങ്ങാതെ നൽകാനായി എന്നത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നേട്ടമാണ്. പരിസ്ഥിതി ദിനാചരണത്തില്‍ ഗവര്‍ണര്‍ ഭാരതാംബയുടെ കാവിക്കൊടി പിടിച്ച ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് വര്‍ഗീയവത്കരണത്തിന്റെ സൂചനയാണെന്നും തെന്നല ബാലകൃഷ്ണ പിള്ളയുടെ വേർപാടിൽ എൽ.ഡി.എഫ് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ടി.പി. രാമകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

