വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പത്ത് ആശ്വാസം പകരുന്നത്, കേന്ദ്രം വര്‍ഗീയ നിലപാട് നടപ്പാക്കുന്നു -ടി.പി. രാമകൃഷ്ണൻ
text_fieldsടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: പാർലമെന്‍റ് പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നതെന്ന് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. മുനമ്പത്ത് കൈവശക്കാർക്ക് അവകാശം ലഭിക്കണമെന്നാണ് ഇടതു പക്ഷത്തിന്‍റെ നിലപാട്. ആരാണ് മുനമ്പം നിവാസികളെ വഞ്ചിച്ചത് എന്നും അദ്ദേഹം ചോദിച്ചു.
“വഖഫ് ചെയ്ത ഭൂമി പിടിച്ചെടുക്കാൻ കഴിയില്ല. എന്നാൽ അതിനുള്ള നിയമാണ് ഇപ്പോൾ പാസാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാടിൽ മാറ്റമില്ല. മതന്യൂനപക്ഷത്തിന് സംരക്ഷണം ഇല്ലാതാക്കുന്നതാണ് വഖഫ് നിയമ ഭേദഗതി. വഖഫില്‍ മുസ്ലിംകളുടെ അവകാശം ഇല്ലാതാക്കുന്നതിനോട് യോജിക്കാനാകില്ല. ന്യൂനപക്ഷ അവകാശം ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് വഖഫ് ഭേദഗതി നിയമം.
ആര്‍.എസ്.എസിന്റെ വര്‍ഗീയ നിലപാട് കേന്ദ്രം നടപ്പാക്കുന്നു നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം നിവാസികളെ വിശ്വസിപ്പിച്ച് വഞ്ചിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മുനമ്പത്തെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ സ്വീകരിക്കണം. അവിടുത്തെ കുടുംബങ്ങളുടെ പക്ഷത്തിന് ഒപ്പമാണ് സര്‍ക്കാര്‍” -ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം വന്‍ വിജയം നേടുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. നിലമ്പൂര്‍ സി.പി.എമ്മിന്റെ സിറ്റീങ് സീറ്റാണെന്നും അന്‍വര്‍ അവിടെ ഫാക്ടര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സീറ്റുകളില്‍ സ്വതന്ത്രരെയും പരിഗണിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍.ഡി.എഫിന് ആശങ്കയില്ല. കേരളം ഒരു മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാരിലേക്ക് നീങ്ങുകയാണെന്നും ടി.പി.രാമകൃഷ്ണന്‍ അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.